ഓസ്‌ട്രേലിയ -ന്യൂസീലന്‍ഡ് കൈകൊടുക്കും… എന്നാല്‍ ദക്ഷിണാഫ്രിക്ക -ഇന്ത്യയ്ക്ക് കൈ കൊടുക്കില്ല മാര്‍ക്ക് ബൗച്ചര്‍

ഡല്‍ഹി: കളിക്കാര്‍ മത്സരത്തിനു ശേഷമുള്ള ഹസ്തദാനം ഒഴിവാക്കുമെന്നു ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പരിശീലകന്‍. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ എത്തിയത്.

അതേസമയം, വെള്ളിയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയ –ന്യൂസീലന്‍ഡ് ഏകദിന പരമ്പരയില്‍ താരങ്ങള്‍ ഹസ്തദാനം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ നാല്‍പതിലധികം പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ തീരുമാനമെന്ന് കരുതുന്നു. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. മാര്‍ച്ച് 12ന് ധരംശാലയിലാണ് ആദ്യ മത്സരം.

‘മത്സരത്തിനു ശേഷം താരങ്ങള്‍ പരസ്പരം ഹസ്തദാനം നടത്തുന്നത് ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം’ – ബൗച്ചര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷാ അധികൃതര്‍ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പര്യടനത്തിനുള്ള അനുമതി നല്‍കിയതെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു വിരുദ്ധമായ നിലപാടാണ് ഓസീസ് പരിശീലകന്‍ സ്വീകരിച്ചത്. സാനിറ്റൈസറുകള്‍ ഇഷ്ടം പോലെ കിട്ടാനുള്ളപ്പോള്‍ ഹസ്തദാനം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ലാംഗര്‍ ചൂണ്ടിക്കാട്ടി. കൊറോണ ഭീതിയെത്തുടര്‍ന്ന് ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ടീമുകള്‍ ഹസ്തദാനം ഉപേക്ഷിച്ചിരുന്നു.

‘ഞങ്ങള്‍ ഹസ്തദാനം നടത്താന്‍ തയാറാണ്. നിലവില്‍ ആവശ്യത്തിന് സാനിറ്റൈസറുകള്‍ ഞങ്ങളുടെ കിറ്റ്ബാഗില്‍ ഉണ്ട്. പിന്നെ എന്തിന് ഭയപ്പെടണം’– ലാംഗര്‍ ചോദിക്കുന്നു. ഗ്രൗണ്ടിലും ഡ്രസ്സിങ് റൂമിലും താരങ്ങളുടെ ഇടപഴകലില്‍ യാതൊരു മാറ്റവും വരുത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment