കൊറോണ സംശയം: 10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു മൃതദേഹം, പ്രിയപ്പെട്ടവരുടെ അന്ത്യചുംബനം ഏറ്റുവാങ്ങാനാകാതെ ജൈനേഷ് യാത്രയായി

പയ്യന്നൂര്‍: പ്രിയപ്പെട്ടവരുടെ അന്ത്യചുംബനം ഏറ്റുവാങ്ങാനാകാതെ ജൈനേഷ് യാത്രയായി. കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കി. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് (36) കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചെങ്കിലും, മരണകാരണം വ്യക്തമായി കണ്ടെത്താത്തതിനാല്‍ അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതും.

10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചെങ്കിലും അടുത്തേക്കു വരാനോ തൊടാനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അല്‍പം നീക്കി മുഖം മാത്രം പുറത്തു കാണിച്ച്, മൃതദേഹം വച്ച മേശയില്‍ നിന്നു 2 മീറ്റര്‍ അകലത്തില്‍ കസേരകള്‍ നിരത്തി അതിനു വെളിയിലൂടെയാണ് ആളുകള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്.

നാട്ടുകാരായ ആറംഗ സംഘമാണ് അതീവസുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖംമൂടിയും കയ്യുറയും ധരിച്ചു സംസ്‌കാരച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സംസ്‌കാരത്തിനു കൂടെയുണ്ടായിരുന്ന സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്‌കാരത്തിനു ശേഷം ശ്മശാനത്തില്‍ തന്നെ കത്തിച്ചു. കേരളം വിറങ്ങലിച്ച നിപ്പ നാളുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു സംസ്‌കാരസ്ഥലത്തെ കാഴ്ചകള്‍.

മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലര്‍ച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7