ബെംഗളുരൂ; വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയെന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍. ദൈവ ദര്‍ശനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നു വീട്ടമ്മ ഗീത (48) നല്‍കിയ പരാതിയില്‍ നാഗരാജ് എന്നയാള്‍ ഉള്‍പ്പെടെ 4പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. രാമമൂര്‍ത്തി നഗറിലാണ് സംഭവം. 2009ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പറഞ്ഞു.
തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും 3 മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവര്‍ വില്‍പ്പന നടത്തി. ഇതിന്റെ കമ്മിഷനു പുറമേ 5 കോടി രൂപയും 3 കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.