ദേവനന്ദയുടെ മൃതദേഹം തടയണയ്ക്ക് അപ്പുറത്തു കൊണ്ടിട്ടതാണോയെന്ന് പൊലീസ് ?

കൊല്ലം : ദേവനന്ദയുടെ മൃതദേഹം തടയണയ്ക്ക് അപ്പുറത്ത് എങ്ങനെ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നു. മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്നു പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം. ആറ്റില്‍ തടയണ നിര്‍മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്.

വീടിന് 500 മീറ്റര്‍ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബര്‍ മരങ്ങളുമാണ്.
ഇന്നലെ രാവിലെ 9.45 നും 10 നും ഇടയ്ക്കാണു കുട്ടിയെ കാണാതാകുന്നത്. തുണി അലക്കിയതിനു ശേഷം 15 മിനിട്ടിനകം അമ്മ ധന്യ തിരിച്ചെത്തിയപ്പോള്‍ ദേവനന്ദയെ കാണാനില്ലായിരുന്നു. ഈ സമയം കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം വ്യാപിപ്പിക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം 3 മണിയോടെ വീട്ടില്‍ കൊണ്ടുവരും.

Similar Articles

Comments

Advertismentspot_img

Most Popular