ജഡേജ ആണ് എന്റെ ഹീറോ; പറയുന്നത് ഓസ്ട്രേലിയൻ താരം

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തിയും ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചും ഓസ്ട്രേലിയയുടെ ഹാട്രിക് ഹീറോ ആഷ്ടൺ ആഗർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ് ജഡേജയാണ് തന്റെ ഹീറോയെന്ന പ്രഖ്യാപനവുമായി ആഗറിന്റെ രംഗപ്രവേശം. അടുത്തിടെ നടന്ന ഇന്ത്യൻ പര്യടനത്തിനിടെ രവീന്ദ്ര ജഡേജയുമായി നടത്തിയ സംഭാഷണം തന്റെ കളിയിൽ ചടുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മത്സരശേഷം സംസാരിക്കവെ ആഗർ വ്യക്തമാക്കി.

ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20യിൽ ആഗറിന്റെ ഓൾറൗണ്ട് പ്രകടനം ഓസീസിന്റെ കൂറ്റൻ വിജയത്തിൽ നിർണായകമായിരുന്നു. ഓസീസ് ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ക്രീസിലെത്തിയ ആഗർ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. പിന്നീട് ബോളിങ്ങിൽ നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റും വീഴ്ത്തി. ആഗറിന്റെ ട്വന്റി20 കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. മത്സരം 107 റൺസിന് ജയിച്ച ഓസീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–0ന് ലീഡും നേടി.

‘ഇന്ത്യൻ പര്യടനത്തിനിടെ രവീന്ദ്ര ജഡേജയുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ക്രിക്കറ്റിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് ജഡേജ. അദ്ദേഹത്തേപ്പോലെ ക്രിക്കറ്റ് കളിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഒരു യഥാർഥ റോക് സ്റ്റാറാണ് ജഡജേ’ – ആഗർ പറഞ്ഞു.

രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിനെക്കുറിച്ചും ആഗർ വാചാലനായി. ‘ബാറ്റിങ്ങിൽ അദ്ദേഹം തകർത്തടിക്കും, ഫീൽഡിലും പറന്നു നിൽക്കും, ബോളിങ്ങിൽ മികച്ച രീതിയിൽ സ്പിന്നെറിയും. അദ്ദേഹത്തോട് ഫീൽഡിങ്ങിനെക്കുറിച്ചും സ്പിന്‍ ബോളിങ്ങിെനക്കുറിച്ചും സംസാരിക്കുന്നതു തന്നെ വലിയ ആത്മവിശ്വാസം നൽകും. തീർച്ചയായും അദ്ദേഹത്തോടു സംസാരിച്ചതിന്റെ സ്വാധീനം എന്റെ കളിയിലുണ്ട്’ – ആഗർ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment