ശബരിമലയിൽ സര്‍ക്കാർ നിലപാട് എന്ത് ?

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുവതി പ്രവേശന കാര്യത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട് ആവശ്യപ്പെട്ടു, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പുനപരിശോധന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കെല്‍ട്രോണിനെ സര്‍ക്കാര്‍ ബ്രോക്കര്‍ കമ്പനിയാക്കി മാറ്റിയെന്നും സുരേന്ദ്രന്‍ ആരോപണമുന്നയിച്ചു.

pathram desk 2:
Related Post
Leave a Comment