ഗൂഗിൾ സൗജന്യ വൈഫൈ പ്രോഗ്രാം നിർത്തലാക്കുന്നു. ഇന്ത്യയിലെ 400 റെയിൽവേ സ്റ്റേഷനുകളടക്കം ആയിരക്കണക്കിന് പൊതുയിടങ്ങളിലെ സൗജന്യ വൈഫൈയാണ് ഇതോടെ നിലയ്ക്കുക.
‘ഡേറ്റ ഉപയോഗത്തെ കുറിച്ച് ആശങ്കയില്ലാതെ കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഗൂഗിളിന്റെ ഈ പദ്ധതിയോടെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്. എന്നാൽ മൊബൈൽ ഡേറ്റ നിരക്കുകൾ കുറഞ്ഞതോടെ ഗൂഗിൾ സ്റ്റേഷന്റെ ആവശ്യക്കാർ കുറഞ്ഞു’- ഗൂഗിൾ പേയ്‌മെന്റ് വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത പറഞ്ഞു. ഈ വർഷം തന്നെ സേവനം നിർത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒരു ഉപയോക്താവ് ഗൂഗിൾ വൈഫൈയിൽ സൈൻ ഇൻ ചെയ്യുമ്പോൾ തന്നെ പരസ്യങ്ങൾ കാണിച്ച് പദ്ധതി മോണിറ്റൈസ് ചെയ്തുതുടങ്ങി. ഇന്തോനേഷ്യ, മെക്‌സിക്കോ, തായ്‌ലാൻഡ്, നൈജീരിയ, ഫിലിപ്പീൻസ്, ബ്രസീൽ, വീയന്ന തുടങ്ങി നിരവധി രാജ്യങ്ങളിൽ ഗൂഗിൾ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.