സസ്‌പെന്‍ഷന് പുല്ല് വില; വാക്ക് പോര് തുടരുന്നു… തോല്‍വിയുടെ വേദന ഇന്ത്യയും അറിയട്ടെയെന്ന് ബംഗ്ലാദേശ് താരം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ നടന്ന മത്സരം സംഘര്‍ഷത്തിലാണ് അവസാനിച്ചത്. ഇതുനു പിന്നാലെ ഇരു ടീമുകളിലെയും അഞ്ചു താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. എന്നാല് വാശിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രതികരണവുമായി ബംഗ്ലദേശ് താരം. തോല്‍വിയുടെ രുചിയെന്തെന്ന് ഇന്ത്യയെ അറിയിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ലോകകപ്പ് നേടിയ ബംഗ്ലദേശ് ടീമില്‍ അംഗമായിരുന്ന പേസ് ബോളര്‍ ഷോറിഫുള്‍ ഇസ്!ലാം പ്രതികരിച്ചു. തുടര്‍ച്ചയായി ഇന്ത്യയോടു തോറ്റതിന്റെ നിരാശ മറക്കാന്‍ ഈ വിജയം അനിവാര്യമായിരുന്നുവെന്നും ഷോറിഫുള്‍ ഇസ്!ലാം വ്യക്തമാക്കി.

‘അവര്‍ക്കെതിരെ (ഇന്ത്യയ്‌ക്കെതിരെ) രണ്ടു മത്സരങ്ങള്‍ വിജയത്തിനരികെ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. ഒന്ന് ഏഷ്യാകപ്പ് സെമിഫൈനലും (2018) രണ്ടാമത്തേത് ഏഷ്യാകപ്പ് ഫൈനലും (2019). ഇഞ്ചോടിഞ്ച് പൊരുതി ആ രണ്ടു മത്സരങ്ങളും തോല്‍ക്കേണ്ടി വന്നതിന്റെ വിഷമം എത്രത്തോളമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ഇത്തവണ ഫൈനലിന് ഇറങ്ങും മുന്‍പ് മനസ്സിലുണ്ടായിരുന്ന ഏക കാര്യം അന്നത്തെ വിജയങ്ങള്‍ക്കുശേഷം അവര്‍ കാട്ടിക്കൂട്ടിയതും തോല്‍വിക്കുശേഷം ഞങ്ങള്‍ അനുഭവിച്ച സങ്കടവുമാണ്. ഇത്തവണ വിജയത്തിനരികെ അതു കൈവിടരുതെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. അവസാന പന്തുവരെ ഒറ്റക്കെട്ടായി പൊരുതാനും നിശ്ചയിച്ചു’ – ഷോറിഫുള്‍ ഇസ്!ലാം വിശദീകരിച്ചു.

‘കഴിഞ്ഞ രണ്ടു തോല്‍വികളും ഞങ്ങളെ വല്ലാതെ ഉലച്ചിരുന്നു. 2019ലെ ഏഷ്യാകപ്പ് ഫൈനലില്‍ ധാക്കയിലെ സ്വന്തം കാണികള്‍ക്കു മുന്നിലാണ് ഒരു റണ്ണിന് ഞങ്ങള്‍ തോറ്റത്. അന്ന് അവര്‍ വന്യമായാണ് ആ വിജയം ആഘോഷിച്ചത്. ഞങ്ങള്‍ക്ക് നിശബ്ദരായി അതു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. അത് ഞങ്ങളിലേല്‍പ്പിച്ച മുറിവ് എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇന്ത്യയുമായി വീണ്ടും ഫൈനലില്‍ മുഖാമുഖമെത്തുന്ന അവസരത്തിനായി അന്നുമുതല്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു’ – ഷോറിഫുള്‍ ഇസ്!ലാം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് കളിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. ‘ഇത്തവണ ഞങ്ങളുടെ ദിവസമായിരുന്നു. ആ അവസരം ഞങ്ങള്‍ക്കു കിട്ടി. ഇതു ഞങ്ങള്‍ ഒറ്റക്കെട്ടായി പൊരുതി നേടിയ വിജയമാണ്. വിജയിച്ചശേഷം തോറ്റവരുടെ മുന്നില്‍ അതാഘോഷിക്കുമ്പോള്‍ തോറ്റവര്‍ അനുഭവിക്കുന്ന വേദന അവരും (ഇന്ത്യയും) അറിയട്ടെ’ – ഷോറിഫുള്‍ ഇസ്!ലാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഫൈനലിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നാലു മുതല്‍ 10 വരെ മത്സരങ്ങളില്‍നിന്ന് വിലക്കും ലഭിച്ചു. ഇന്ത്യന്‍ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍നിന്ന് ശിക്ഷിക്കപ്പെട്ടവര്‍. ബംഗ്ലദേശ് നിരയില്‍നിന്ന് തൗഹീദ് ഹൃദോയ്, ഷമിം ഹുസൈന്‍, റാക്കിബുല്‍ ഹസന്‍ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്.

ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്‌സ്ട്രൂമില്‍ നടന്ന കലാശപ്പോരാട്ടത്തിലാണ് ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍, മഴനിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 170 റണ്‍സ് മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ ബംഗ്ലദേശ് മറികടന്നു. വിജയറണ്‍ കുറിച്ചതിനു പിന്നാലെ ആവേശത്തോടെ മൈതാനത്തേക്ക് കുതിച്ചെത്തിയ ബംഗ്ലദേശ് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മില്‍ മൈതാനത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു

pathram:
Related Post
Leave a Comment