പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ വോട്ടാക്കാന്‍ സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍ വോട്ടാക്കാന്‍ സിപിഎം തീരുമാനമായി. ഇതിനായി മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത യുഡിഎഫ് അണികളെ തുടര്‍സമരങ്ങളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായി. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഇടപെടുന്നതിനും തീരുമാനിച്ചു. പൗരത്വനിയമം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രചാരണ–സമര പരിപാടികള്‍ ഒരു വശത്ത്. മറുവശത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ താഴേത്തട്ടില്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിക്കണ്ടാണ് സിപിഎമ്മിന്റെ നടപടികള്‍. പൗരത്വനിയമത്തിനെതിരെ നേതാക്കളും അണികളും വീടുവീടാന്തരം കയറിയിറങ്ങും. കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കി ആര്‍എസ്എസ് കേരളത്തില്‍ ഹിന്ദുധ്രുവീകരണത്തിന് ശ്രമിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഈ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. രണ്ടുകൂട്ടരുടെയും വര്‍ഗീയനീക്കങ്ങളെ താഴെത്തട്ടില്‍ നിന്ന് ചെറുക്കുമെന്ന് സിപിഎം പറയുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി പാര്‍ട്ടി ഏറ്റെടുക്കും. ഓണത്തിന് മുന്‍പ് ആയിരം ഹോട്ടലുകള്‍ തുറക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സഹകരിക്കും.

വയോജന ക്ഷേമത്തിനുള്ള ക്ലബുകള്‍, ശുചീകരണപദ്ധതി, ഒരുകോടി വൃക്ഷത്തൈകള്‍ നടുക, വീടുകളിലെത്തി കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടും. പ്രാദേശിക ദുരന്തനിവാരണത്തിന് സംവിധാനമൊരുക്കുന്നതിന് ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടിതന്നെ മുന്‍കയ്യെടുത്ത് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും. സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി ഏറ്റെടുക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും സിപിഎം പറയുന്നു. പാര്‍ട്ടി മുന്‍കയ്യെടുത്തു നടത്തുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നാണ് വിശദീകരണം

Similar Articles

Comments

Advertismentspot_img

Most Popular