ഇന്ത്യ അറിയാതെ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍

ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയത് സ്വന്തം നിലയ്‌ക്കെന്നു പരിശീലകന്‍ ഹര്‍പ്രീത് സിങ് ബാബ. താരങ്ങള്‍ സ്വന്തം നിലയ്ക്കു പോയതിനാല്‍, മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണു ഹര്‍പ്രീതിന്റെ വാദം. സമാന രീതിയില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മറ്റു രാജ്യങ്ങളിലേക്കും താരങ്ങള്‍ മുന്‍പ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കബഡി ടൂര്‍ണമെന്റിനായാണ് താരങ്ങള്‍ പാക്കിസ്ഥാനിലേയ്ക്ക് പോയത്. കേന്ദ്ര വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയതു സംബന്ധിച്ച വിവാദം കനത്തതിനു പിന്നാലെയാണു ടീമിനൊപ്പമുള്ള പരിശീലകന്റെ വിശദീകരണം.

എന്നാല്‍, കായിക മേഖലയില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തില്‍, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നും കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഭീമമായ സമ്മാനത്തുക കണ്ടാവാം താരങ്ങള്‍ ടൂര്‍ണമെന്റിനു പോയതെന്നാണു ദേശീയ കബഡി ഫെഡറേഷന്റെ നിഗമനം. ഒരു കോടി രൂപയാണു ചാംപ്യന്‍മാര്‍ക്കുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ലക്ഷം രൂപ.

ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട 60 അംഗ സംഘമാണു കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്കു പോയത്. ഇത്രയുമധികം പേര്‍ എങ്ങനെ പാക്ക് വീസ തരപ്പെടുത്തിയെന്നു വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

അതേസമയം, ലോക ചാംപ്യന്‍ഷിപ്പെന്ന പേരില്‍ പാക്കിസ്ഥാന്‍ കബഡി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് അംഗീകാരമില്ലെന്നു രാജ്യാന്തര അസോസിയേഷന്‍ വ്യക്തമാക്കി. ദേശീയ ഫെഡറേഷന്റെ അനുമതിയില്ലാതെ പോയ താരങ്ങള്‍ക്ക് ഇന്ത്യയുടെ പേരില്‍ മത്സരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു. ടീമിന് ഐഒഎയുടെ അംഗീകാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular