യുഎഇയില്‍ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു

യുഎഇയില്‍ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാര്‍ക്കും ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇതുവരെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെ കുടുങ്ങിയ ജപ്പാനിലെ യോകോഹാമ തീരത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 135 ആയി.

അതിനിടെ കൊറോണ വൈറസ് ഇനി ‘കൊവിഡ് 19’ എന്ന പേരില്‍ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം അറിയിച്ചു. ചൊവ്വാഴ്ച മാത്രം 871 പേരുടെ ആരോഗ്യനില ഗുരുതരമായി. 744 പേരെ ആശുപത്രികളില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

ചൈനയിലെ ആകെയുള്ള കണക്കെടുക്കുകയാണെങ്കില്‍ വൈറസ് ബാധയേറ്റു ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 8,204 പിന്നിട്ടു. 16,067 പേര്‍ക്കാണു വൈറസ് ബാധ സംശയിക്കുന്നത്. അതേസമയം ഹോങ്കോങ്ങിലും മക്കാവുവിലും വൈറസ് പകരുന്നവരുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച വൈകിട്ടുവരെ ഹോങ്കോങ്ങില്‍ 49 പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചു. മക്കാവുവില്‍ പത്തും തായ്‌വാനില്‍ 18ഉം പേര്‍ക്കു കൊറോണ ബാധയുണ്ട്.

നോവല്‍ കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 97 പേര്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയില്‍നിന്നുള്ളവരാണ്. രോഗബാധയുണ്ടായവരുടെ എണ്ണം 44,653 ആയി ഉയര്‍ന്നതായും ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച 2,015 പുതിയ കേസുകളും 97 മരണങ്ങളുമുണ്ടായതായാണു ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ വ്യക്തമാക്കിയത്. 3,342 പേര്‍ക്കു വൈറസ് ബാധ സംശയിക്കുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment