അഞ്ചര വര്‍ഷത്തിന് ശേഷം നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി സച്ചിന്‍

അഞ്ചര വര്‍ഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് വിട്ടു നിന്ന ശേഷം വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു ഒരു ഓവര്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ ഇറങ്ങിയത്. സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എലിസ് പെറി. പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ സച്ചിന്‍ ബൗണ്ടറി കടത്തി.

ഫീല്‍ഡിങ്ങിന് നിന്നിരുന്ന വനിതാ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥയുടെ ‘മിസ് ഫീല്‍ഡിങ്ങാണ്’ സച്ചിന്റെ ബൗണ്ടറിക്കു വഴിയൊരുക്കിയത്. വിരമിക്കല്‍ പ്രഖ്യാപനമൊക്കെ തല്‍ക്കാലം മറന്ന് ഒരേയൊരു ഓവര്‍ ബാറ്റ് ചെയ്യാനിറങ്ങാന്‍ സച്ചിനോട് എലിസ് പെറിയാണ് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ എലിസ് പെറി നടത്തിയ ആവശ്യം അംഗീകരിച്ച സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

തോളിനു പരുക്കേറ്റതിനാല്‍ ക്രിക്കറ്റ് ബാറ്റെടുക്കരുതെന്ന് സച്ചിന് ഡോക്ടറുടെ കര്‍ശന നിര്‍ദേശമുണ്ട്. പോണ്ടിങ് ഇലവന്റെ പരിശീലകന്റെ ചുമതലയിലാണെങ്കിലും ഒരു ഓവര്‍ ബാറ്റു ചെയ്യാന്‍ സച്ചിന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റ് ചെയ്യാനിറങ്ങുന്നതിന് മുന്‍പ് 40 മിനിറ്റ് സച്ചിന്‍ നെറ്റ്‌സ് പരിശീലനവും നടത്തി. സച്ചിനോടൊപ്പം യുവരാജ് സിങ്ങും മെല്‍ബണില്‍ നെറ്റ്‌സ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ചാരിറ്റി മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ടീമിലാണ് യുവരാജ് സിങ് കളിച്ചത്.

pathram:
Leave a Comment