ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്.
ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.
പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപകല്‍ സമരംനടക്കുന്ന ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
അതിശക്തമായ പ്രചാരണമാണ് ഇത്തവണ ഡല്‍ഹിയില്‍ നടന്നത്. കഴിഞ്ഞ തവണത്തെ 67 സീറ്റ് 70 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി പ്രചാരണരംഗത്ത് സജീവമായത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, അയോധ്യ തുടങ്ങിയവയും ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം പ്രചാരണവിഷയമായി. ഫെബ്രുവരി 11ന് ആണ് വോട്ടെണ്ണല്‍.
Leave a Comment