കൊറോണ വ്യാപിക്കാന്‍ കാരണം ഈനാംപേച്ചി…

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതില്‍ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

അതേസമയം പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ വൈറസ് ബാധിച്ചു മരിച്ചത് ചൈനീസ് ജനതയ്ക്കു ഞെട്ടലായി. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിതമായി സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റിൽ കർശന നിയന്ത്രണം. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. ലോകാരോഗ്യ സംഘടന ലീയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാഴാഴ്ച വ്യാപകമായിരുന്ന പ്രതിഷേധ പോസ്റ്റുകൾ ഇന്നലെയോടെ അപ്രത്യക്ഷമായി.

വെള്ളിയാഴ്ച 86 പേർ കൂടി മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 722 ആയി. ഹൊങ്കോങ്കിലംു ഫിലിപ്പീൻസിലും ഒരോ മരണം കൂടി കണക്കാക്കിയാൽ ആകെ മരിച്ചവരുടെ എണ്ണം 724 ആയി. 3399 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു.

pathram:
Leave a Comment