അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കി

ന്യഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി മോദി ഇക്കാര്യം അറിയിച്ചത്. ക്ഷേത്രനിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും ‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ എന്നാകും ട്രസ്റ്റിന്റെ പേരെന്നും മോദി അറിയിച്ചു.

ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രസ്റ്റ് രൂപീകരണത്തിന് തീരുമാനിച്ചത്. ഈ തീരുമാനമാണ് പ്രധാനമന്ത്രി സഭയെ അറിയിച്ചത്. വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. നന്ദിപ്രമേയ ചര്‍ച്ചകളിന്മേല്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച സഭയിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. ലഖ്നൗവില്‍ ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നതിനാലാണ് അദ്ദേഹം രാവിലെ സഭയില്‍ എത്തിയത്.

2019 നവംബര്‍ ഒമ്പതിന് പഞ്ചാബിലെ കര്‍താര്‍പുര്‍ ഇടനാഴി മോദി ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് അയോധ്യാ കേസില്‍ വിധി വന്നത്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മോദി അറിയിച്ചു.

തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ പറയുന്നു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുക. സ്വതന്ത്രമായി ട്രസ്റ്റിന് പ്രവര്‍ത്തിക്കാമെന്നും മോദി പറയുന്നു.
മാത്രമല്ല സുന്നിവഖഫ് ബോര്‍ഡിന് സുപ്രീം കോടതി വിധിപ്രകാരമുള്ള അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദ്ദേശം യുപി സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു.

സഭയിലുള്ള എല്ലാ അംഗങ്ങളും ക്ഷേത്രനിര്‍മാണത്തിന് സഹകരിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. നമ്മളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന തത്വത്തിലാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അതുപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രധാനമന്ത്രി പറയുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു പ്രസ്താവന സഭയില്‍ പ്രധാനമന്ത്രി നടത്തിയതെന്നതാണ് ശ്രദ്ധേയം.

Key words: PM Modi announces constitution of Ram Temple trust

pathram:
Leave a Comment