വെല്ലിങ്ടൻ: ബാറ്റിങ് തകർച്ചയ്‌ക്കിടെ ഒരുവേള 100 കടക്കുമോ എന്നു തോന്നിച്ച ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മനീഷ് പാണ്ഡെയ്ക്ക് നന്ദി, കൂട്ടുനിന്ന ഷാർദുൽ ഠാക്കൂറിനും. പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ നാലാം ട്വന്റി20യിൽ ന്യൂസീലൻഡിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. ട്വന്റി20യിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ഫോറുകൾ സഹിതം പാണ്ഡെ 50 റൺസെടുത്തു. ലോകേഷ് രാഹുൽ (26 പന്തിൽ 39), ഷാർദുൽ ഠാക്കൂർ (15 പന്തിൽ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസനു പരുക്കായതിനാൽ ടിം സൗത്തിയാണ് ഇന്ന് കിവീസിനെ നയിക്കുന്നത്.
88 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റിൽ മനീഷ് പാണ്ഡെ – ഷാർദുൽ ഠാക്കൂർ സഖ്യം പടുത്തുയർത്തിയ 43 റൺസ് കൂട്ടുകെട്ടാണ് കരുത്തായത്. ഠാക്കൂർ 15 പന്തിൽ രണ്ടു ഫോറുകൾ സഹിതമാണ് 20 റൺസെടുത്തത്. 30 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 43 റൺസ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്. ഇതിനിടെ, ലോകേഷ് രാഹുൽ ട്വന്റി20യിൽ 4000 റൺസ് പിന്നിട്ടു. ട്വന്റി20യിൽ 2000നു മുകളിൽ റൺസ് നേടിയിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ച ശരാശരിയുള്ള (42.10*) രണ്ടാമത്തെ താരമാണ് രാഹുൽ. 42.60 ശരാശരിയുമായി പാക്ക് താരം ബാബർ അസമാണ് മുന്നിൽ.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഒരിക്കൽക്കൂടി സിക്സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. സമ്പാദ്യം അഞ്ചു പന്തിൽ ഒരു സിക്സ് സഹിതം എട്ടു റൺസ്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മത്സരത്തിൽ സഞ്ജുവിനെ പരീക്ഷിച്ചത്. ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായെത്തിയതും സഞ്ജു തന്നെ. ക്യാപ്റ്റൻ വിരാട് കോലി (ഒൻപതു പന്തിൽ 11), ശ്രേയസ് അയ്യർ (ഏഴു പന്തിൽ ഒന്ന്), ശിവം ദുബെ (ഒൻപതു പന്തിൽ 12), വാഷിങ്ടൻ സുന്ദർ (0), യുസ്‌വേന്ദ്ര ചെഹൽ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
Leave a Comment