ജിഎസ്ടി എന്താണെന്നു പോലും മോദിക്ക് മനസിലായിട്ടില്ല; എന്ത് ചെയ്യണമെന്ന് അറിയില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി• പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചു. പ്രധാനമന്ത്രിയും ഉപദേശകരുടെ കൂടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുറകോട്ടു നടത്തുകയാണ്. മുൻപ് ജിഡിപി 7.5% ആയിരുന്നു പണപ്പെരുപ്പം 3.5 ശതമാനവും, ഇപ്പോൾ പണപ്പെരുപ്പം 7.5 ശതമാനവും ജിഡിപി 3.5 ശതമാനവും ആയെന്നുള്ളതാണു പ്രധാന മാറ്റം– രാഹുൽ ട്വീറ്റ് ചെയ്തു.

ജിഎസ്ടി എന്താണെന്നു പോലും മോദിക്ക് മനസിലായിട്ടില്ല. യുപിഎ ഭരണകാലത്ത് 9% സാമ്പത്തിക വളർച്ചയുണ്ടായപ്പോൾ സ്വീകരിച്ച അതേ അളവുകോൽ വച്ചാണെങ്കിൽ ഇപ്പോൾ ഇന്ത്യയുടെ വളർച്ച രണ്ടര ശതമാനം മാത്രമാണെന്നും യുവ് ആക്രോശ് റാലിയിൽ രാഹുൽ ആരോപിച്ചിരുന്നു, അളവുകോൽ മാറ്റിയാണ് മോദി സർക്കാർ 5% വളർച്ച അവകാശപ്പെടുന്നതെന്നും രാഹുൽ പറഞ്ഞു. നോട്ടുനിരോധനത്തെ കുറിച്ച് ഒരു എട്ടുവയസ്സുകാരനോട് ചോദിക്കൂ… അവൻ പറയും നോട്ട്നിരോധനം എത്രമാത്രം രാജ്യത്തിനു ദോഷം ചെയ്തുവെന്ന്.

പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്താണു മോദി അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം മാത്രം ഒരു കോടി ആളുകൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. പൗരത്വ നിയമത്തെക്കുറിച്ചും പൗര റജിസ്റ്ററിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ലെന്നു പറഞ്ഞ രാഹുൽ, തൊഴിലില്ലായ്മയുടെ ദേശീയ റജിസ്റ്റർ (എൻആർയു) പുറത്തിറക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment