ഇന്നറിയാം, ഇന്ത്യ ചരിത്രം കുറിക്കുമോ എന്ന കാര്യം.. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 8 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 82 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് 23 പന്തില്‍നിന്ന് 50 റണ്‍സ് പൂര്‍ത്തിയാക്കി. ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഇന്നു ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ന്യൂസിലന്‍ഡ് മണ്ണില്‍ ഇതുവരെ ഒരു ടി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ബ്ലയര്‍ ടിക്ക്‌നറിനു പകരം പേസ് ബൗളര്‍ സ്‌കോട്ട് കുഗ്ഗള്‍ജിന്‍ ന്യൂസിലന്‍ഡ് നിരയില്‍ കളിക്കും. ടിക്ക്‌നറിനെക്കാള്‍ ബാറ്റ് കൊണ്ട് സംഭാവന നല്‍കാന്‍ കുഗ്ഗള്‍ജിനു സാധിക്കുമെന്നതിനാലാണ് അദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വില്ല്യംസണ്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ ആറു പന്തുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അര്‍ധസെഞ്ചുറികള്‍ നേടി.
രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചു. ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.
Leave a Comment