കോഹ്ലിയും ടീമും ചരിത്രം സൃഷ്ടിക്കുമോ..? ടോസ് നിര്‍ണായകം

ന്യൂസീലന്‍ഡില്‍ ആദ്യ ട്വന്റി20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നു ന്യൂസീലന്‍ഡിനെ നേരിടുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിനു പുറത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൂടിയാണിത്. ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കാണ് ഇന്ന് മത്സരവേദി. ഇവിടെ കളിച്ച ഒന്‍പതില്‍ ഏഴു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസം കിവീസിനു കരുത്തേകിയേക്കും. മത്സരം 12.30ന് തുടങ്ങും.

മികച്ച ഫോമിലുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്താന്‍ ഇടയില്ല. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും തകര്‍പ്പന്‍ ഫോമിലായതിനാല്‍ ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ആശങ്കകളില്ല. ബുമ്ര, ഷമി, ഠാക്കൂര്‍ പേസ്ത്രയവും പഴുതില്ലാതെ പന്തെറിയുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും കളിച്ച ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനു പകരം കുല്‍ദീപ് യാദവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. പരമ്പരയില്‍ ഇതുവരെ കളിക്കാനിറങ്ങാത്തവര്‍ ഇന്നലെ രവി ശാസ്ത്രിയുടെ നിരീക്ഷണത്തില്‍ പരിശീലനം നടത്തി. രോഹിത് ശര്‍മയാണ് ഇന്നത്തെ കളിയില്‍ ശ്രദ്ധാകേന്ദ്രമാകുന്ന മറ്റൊരു താരം. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങില്‍ തിളങ്ങാതെ പോയ ഹിറ്റ്മാന്‍ ഇന്ന് ഫോമിലേക്കെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

സ്ഥിരമായ വലിയ സ്‌കോറുകള്‍ക്കു വേദിയാകുന്ന മൈതാനമാണ് സെഡന്‍ പാര്‍ക്കെന്നതിനാല്‍ ഇന്നത്തെ മത്സരം ആരാധകര്‍ക്ക് മറ്റൊരു ബാറ്റിങ് വിരുന്നാകാനാണ് സാധ്യത. ഇവിടെ നടന്ന അവസാനത്തെ അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റു ചെയ്ത ടീം 190 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ഇവിടെ നടന്ന അവസാന ട്വന്റി20 മത്സരം ഒരു വര്‍ഷം മുന്‍പാണ്. ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസീലന്‍ഡും. അന്ന് ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിന് നാലു റണ്‍സ് അടുത്തുവരെ എത്തി ഇന്ത്യ മത്സരം കൈവിട്ടു. ഇവിടെ ഒടുവില്‍ നടന്ന നാലു മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്.

pathram:
Related Post
Leave a Comment