നേപ്പാളില്‍ മലയാളികളുടെ മരണം; മുഖ്യമന്ത്രി വീണ്ടും കേന്ദ്രത്തിന് കത്തെഴുതി

തിരുവനന്തപുരം: നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വീണ്ടും കത്തയച്ചു. കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനില്‍ റിസോര്‍ട്ടില്‍ രണ്ടു കുടുംബങ്ങളിലെ എട്ടു മലയാളികള്‍ ഉറക്കത്തില്‍ വിഷവാതകം ശ്വസിച്ചു മരിച്ചത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാര്‍ കെ. നായര്‍ (39), ഭാര്യ ശരണ്യ ശശി (34), മക്കള്‍ ശ്രീഭദ്ര (9), ആര്‍ച്ച (7), അഭിനവ് (4), കോഴിക്കോട് സ്വദേശി ടി.ബി. രഞ്ജിത്കുമാര്‍ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകന്‍ വൈഷ്ണവ് (2) എന്നിവരാണു മരിച്ചത്. ഒരേ മുറിയിലാണ് ഇവര്‍ കിടന്നിരുന്നത്.

pathram:
Related Post
Leave a Comment