ഒരു ജിബിക്ക് വെറും ഒരു രൂപ; ടെലികോം കമ്പനികളെ ഞെട്ടിച്ചുകൊണ്ട് വൈഫൈ ഡബ്ബ

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്പനി. നിലവിലുള്ള ടെലികോം കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് വൈഫൈ ഡബ്ബയുടെ വരവ്. സാധാരണ ടെലികോം കമ്പനികള്‍ പിന്തുടരുന്ന രീതിയിലല്ല വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം എന്നതാണ് അതിന്റെ ചെലവ് കുറയ്ക്കുന്നത്.

ടെലികോം സേവനങ്ങള്‍ എത്തിക്കുന്നതിനായി വിപണിയില്‍ ലഭ്യമായ വിലയേറിയ സാങ്കേതിക ഉപകരണങ്ങള്‍ ഒഴിവാക്കി സ്വന്തമായി വികസിപ്പിച്ച ഉപകരണങ്ങളാണ് വൈഫൈ ഡബ്ബ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. സൂപ്പര്‍ നോഡ് ടെക്‌നോളജി എന്നാണ് ഇതിന് പേര്. കണ്ണുകള്‍ക്ക് സുരക്ഷിതമായ ലേസര്‍ വഴിയാണ് ഇതിലെ ഡാറ്റാ കൈമാറ്റം. അതുകൊണ്ട് തന്നെ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ റോഡുകള്‍ ഉടനീളം കുഴിക്കുകയോ പോസ്റ്റുകള്‍ സ്ഥാപിക്കുകയോ വേണ്ട. അപ്പോള്‍ ചെലവ് കുറയുമെന്ന് പറയേണ്ടതില്ലല്ലോ.

ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നയിടങ്ങളിലെ വിവിധ വൈഫൈ ഡബ്ബ റൂട്ടറുകളിലേക്ക് സൂപ്പര്‍ നോഡ് വഴി കണക്ഷന്‍ എത്തിക്കുകയും റൂട്ടറുകള്‍ വൈഫൈ സിഗ്‌നല്‍ പുറത്തുവിടുകയും ചെയ്യുന്നു. ഏത് ഉപയോക്താവിനും അയാളുടെ മൊബൈല്‍ നമ്പറും വണ്‍ ടൈം പാസ് വേഡും ഉപയോഗിച്ച് വൈഫൈ ഡബ്ബയില്‍ ലോഗിന്‍ ചെയ്യാം. സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കുന്ന പോലെ പണം നല്‍കി ഡേറ്റ വാങ്ങാം. നിലവില്‍ ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ വൈഫൈ ഡബ്ബ നല്‍കും.

സൂപ്പര്‍ നോഡ് ഗ്രിഡുകള്‍ നഗരത്തിലെ ഫഌറ്റുകളിലും ടവറുകള്‍കളിലും ഉയരക്കൂടുതലുള്ള മറ്റ് കെട്ടിടങ്ങളിലുമാണ് സ്ഥാപിക്കുക. ഒരു കാലാവസ്ഥാ സെന്‍സര്‍, സിസിടിവി ക്യാമറ എന്നിവ സൂപ്പര്‍ നോഡ് ഉപകരണത്തിനൊപ്പമുണ്ടാവും. സൂപ്പര്‍ നോഡുകള്‍ വഴി രണ്ട് കിലോമീറ്റര്‍ ദൂരം വരെ ആശയവിനിമയം സാധ്യമാണ് എന്ന് വൈഫൈ ഡബ്ബ അവകാശപ്പെടുന്നു. 100 ജിബിപിഎസ് വേഗത്തില്‍ ഡേറ്റ കൈമാറാനും സാധിക്കുമെന്നും കമ്പനി പറയുന്നു.

ഡ്യുവല്‍ ബാന്‍ഡ് കണക്റ്റിവിറ്റിയോടു കൂടിയ വൈഫൈ ഡബ്ബ റൂട്ടറുകള്‍ കമ്പനി തന്നെ വികസിപ്പിച്ചതാണ്. കണക്ഷനെടുക്കുന്നവര്‍ക്ക് ഡബ്ബ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന റൂട്ടറുകള്‍ ലഭിക്കും. അടുത്തുള്ള സൂപ്പര്‍നോടുമായി ബന്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. നിലവില്‍ ബംഗളുരുവില്‍ മാത്രമാണ് വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം. ഔദ്യോഗികമായി സേവനം ആരംഭിച്ചിട്ടില്ലാത്ത വൈഫൈ ഡബ്ബ പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം എത്തിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7