‘കാക്കാന്റെ കായിലാണ് കണ്ണ്..!!’ അമിത് ഷാ അടുത്ത പരിപാടി തുടങ്ങി; ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് നേട്ടം ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.ഇത്തരം 9,400 സ്വത്തുക്കളാണ് ഇവിടെ വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സര്‍ക്കാരിനു ലഭിച്ചേക്കും. 9,280 സ്വത്തുക്കള്‍ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കള്‍ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. ‘ശത്രുസ്വത്ത് (എനിമി പ്രോപ്പര്‍ട്ടി) നിയമ’പ്രകാരമാണ് ഇവ സര്‍ക്കാര്‍ വിറ്റഴിക്കുക.

ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.

ഇത്തരത്തില്‍ 100 കോടിയോളം വിലമതിക്കുന്ന പാക് പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവയില്‍ മാത്രം ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലുള്ള 263 പ്ലോട്ടുകള്‍ കണ്ടെത്തിയെന്ന് മൂന്ന് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോവയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകളാണ് ഇവ.

1965ല്‍ പാകിസ്താനെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതുകൊണ്ട് ഈ വസ്തുവകകളെ ‘എനിമി പ്രോപ്പര്‍ട്ടി’യായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇവ കൈവശമാക്കി വച്ചിട്ടുള്ളവരില്‍ നിന്ന് അവയുടെ വിവരങ്ങള്‍ തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ചിലര്‍ ഈ ഭൂമികളില്‍ അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.

1965 സെപ്റ്റംബര്‍ 11 നാണ് പാക് പൗരത്വം സ്വീകരിച്ചവരുടെ ഇന്ത്യയിലുള്ള എല്ലാ സ്ഥാവര വസ്തുക്കളും എനിമി പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഇവയുടെ നിയന്ത്രണം ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും. 1968 ല്‍ എനിമി പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട ആദ്യത്തെ നിയമം പ്രാബല്യത്തില്‍ വന്നു. 2015 ല്‍ മറ്റൊരു നിയമവും 2016 ല്‍ ഇതിന്റെ പരിഷ്‌കരിച്ച നിയമവും പ്രാബല്യത്തില്‍ വന്നു. ഇപ്പോള്‍ പൗരത്വ ബില്ലില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് അമിത് ഷാ ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

pathram:
Leave a Comment