കോഹ്ലി മുന്‍കൂര്‍ ജാമ്യമെടുത്തതാണോ..?

പകരം വീട്ടണമെന്ന് കരുതിയാലും ന്യൂസീലന്‍ഡ് താരങ്ങളെ കാണുമ്പോള്‍ അങ്ങനെ തോന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഏകദിന ലോകകപ്പിനു പോയ ഇന്ത്യ സെമിയില്‍ തോറ്റത് ന്യൂസീലന്‍ഡിനോടായിരുന്നു. അതിനുശേഷം ഇരു ടീമുകളും ആദ്യമായി മുഖാമുഖം വരുന്ന പരമ്പരയാണിത്. ഈ സാഹചര്യത്തിലാണ് ന്യൂസീലന്‍ഡുകാരെ കണ്ടാല്‍ പകരം വീട്ടാന്‍ തോന്നില്ലെന്ന കോലിയുടെ പ്രതികരണം.

‘പകരം വീട്ടണമെന്ന് നിങ്ങള്‍ മനസ്സിലുറപ്പിച്ചാലും അങ്ങനെ പെരുമാറാന്‍ തോന്നാത്തവിധം അത്രയ്ക്കു നല്ലവരാണ് ന്യൂസീലന്‍ഡുകാര്‍. അവരുമായി അടുത്ത ബന്ധമാണ് നമുക്കുള്ളത്. കളത്തില്‍ പരമാവധി വാശിയോടെ പോരാടുകയാണ് വേണ്ടത്. രാജ്യാന്തര ക്രിക്കറ്റില്‍ മത്സരബുദ്ധിയോടെ കളിക്കേണ്ടതെങ്ങനെയെന്ന് തെളിയിച്ചവരാണ് ന്യൂസീലന്‍ഡുകാരെന്ന് ഞാന്‍ ഇംഗ്ലണ്ടില്‍വച്ചു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു’ കോലി പറഞ്ഞു.

‘ഓരോ കളിയിലും എന്നല്ല, ഓരോ പന്തിലും തങ്ങളുടെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നവരാണ് ന്യൂസീലന്‍ഡ് ടീമംഗങ്ങള്‍. കളത്തില്‍ അവരുടെ ശരീരഭാഷ തീവ്രമായിരിക്കും. പക്ഷേ, അതിര്‍വരമ്പുകള്‍ ഭേധിക്കുന്ന തരത്തില്‍ ഒരിക്കലും അവരുടെ പെരുമാറ്റം അരോചകമാകാറില്ല’ കോലി ചൂണ്ടിക്കാട്ടി.

‘ഇന്ത്യയും ന്യൂസീലന്‍ഡും ലോകകപ്പിനുശേഷം വീണ്ടും മുഖാമുഖം വരുമ്പോള്‍ അതിനെ പകരംവീട്ടലായൊന്നും കാണേണ്ടതില്ല. രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്നു എന്നു മാത്രം കരുതുക. ന്യൂസീലന്‍ഡിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. അതിനാണ് ഞങ്ങളുടെ ശ്രമവും’ കോലി വിശദീകരിച്ചു.

pathram:
Leave a Comment