തരം താഴ്ത്തിയതിൽ പ്രതികരണവുമായി ജേക്കബ് തോമസ്

പാലക്കാട്: തരംതാഴ്ത്തൽ വിഷയത്തിൽ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. ‘നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തരംതാഴ്ത്തൽ അല്ല തരംതിരിക്കൽ ആണ് ഇപ്പോൾ നടന്നത്. സർക്കാർ പറയുന്നത് അനുസരിക്കുകയല്ലേ പൗരന്മാർക്ക് നിർവാഹമുള്ളൂ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എസ്ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകൾക്കൊപ്പം ഉളള നീന്തൽ അത്ര സുഖകരമല്ല’. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച സഞ്ജയ് ചന്ദ്രശേഖർ അനുസമരണ പ്രഭാഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സര്‍വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥാനായ ജേക്കബ് തോമസ്
സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിജിപിയില്‍ നിന്നും എഡിജിപിയായി തരംതാഴ്ത്തിയത്. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തി. സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള തര്‍ക്കത്തിന്റെ അവസാനത്തെ നടപടിയായാണ് തരംതാഴ്ത്തല്‍ വന്നിരിക്കുന്നത്.

വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തരംതാഴ്ത്തല്‍ സംബന്ധിച്ച നോട്ടീസ് സര്‍ക്കാര്‍ ജേക്കബ് തോമസിന് നല്‍കി. അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓഖി ദുരന്തത്തിന് പിന്നാലെ നടത്തിയ പരാമര്‍ശം മുതലാണ് സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്. ഇതിന് പിന്നാലെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പേരില്‍ വിവിധ വകുപ്പുകള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുന്ന പുസ്തകമെഴുതി. ഈ പുസ്തകമെഴുത്താണ് അച്ചടക്ക നടപടിക്ക് കാരണമായത്.

ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരേ തരംതാഴ്ത്തല്‍ നടപടിയുണ്ടാകുന്നത് ഇതാദ്യമായാണ്. 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവില്‍ പോലീസ് ചുമതലകളില്‍ നിന്ന് മാറ്റി മെറ്റല്‍ ആന്‍ഡ് സ്റ്റീല്‍സില്‍ നിയമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരേ രൂക്ഷമായ രീതിയില്‍ സര്‍ക്കാരിനെ പരിഹസിക്കാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്. ഇത്തരം പ്രതികരണങ്ങളും നടപടിക്ക് കാരണമായി.

മൂന്നുവട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ ഡി.ജി.പി. ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. തരംതാഴ്ത്തിയതിനോട് ജേക്കബ് തോമസ് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7