മരടില്‍ പൊളിച്ചടുക്കാന്‍ പോകുന്നേ ഉള്ളൂ…, ഫ്‌ലാറ്റ് കേസില്‍ സിപിഎം നേതാവിനെതിരേ വ്യക്തമായ തെളിവുകള്‍

മരടില്‍ അനധികൃതമായി ഫ്‌ലാറ്റ് നിര്‍മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.എ.ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. കേസില്‍ കെ.എ.ദേവസിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിയമോപദേശത്തിന്റെ പകര്‍പ്പ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ കെ.എ. ദേവസിയെ രക്ഷിക്കാനുള്ള രാഷ്ട്രീയശ്രമങ്ങള്‍ പാളുകയാണ്. മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ദേവസിക്കെതിരെ തെളിവുണ്ടെന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ അനുമതി നല്‍കിയതെന്നും, സിപിഎം നേതാവുകൂടിയായ പ്രസിഡന്റ് ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അഴിമതി നിരോധന നിയമ പ്രകാരംവും പൊലീസ് ആക്ട് പ്രകാരവും കെ എ ദേവസിക്ക് എതിരെ കുറ്റങ്ങള്‍ ചുമത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചട്ടം ലംഘിച്ചാണ് ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമായിട്ടും സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ എ ദേവസിയെ പ്രതിചേര്‍ക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു ദേവസിയെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഒന്നരമാസമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഒടുവില്‍ മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നിര്‍ണായകമായ വിഷയത്തില്‍ സര്‍ക്കാര്‍ ഡിജിപിയോട് നിയമോപദേശം തേടിയത്.

മരട് കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് കെട്ടിട നിര്‍മ്മാതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്.

2006 ലാണ് മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് മരട് പഞ്ചായത്ത് അനുമതി നല്‍കിയത്. അന്ന് പ്രസിഡന്റായിരുന്ന ദേവസിയുടെ ഭരണസമിതിയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഐകകണ്‌ഠ്യേനയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന മിനിട്‌സ് കൃതൃമമായി ഉണ്ടാക്കിയതാണെന്ന് 2006 ലെ ഭരണസമിതിയിലെ തന്നെ ചിലര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പലരുടേയും രഹസ്യമൊഴിയെടുത്തു. ഇതില്‍ നിന്നാണ് ദേവസിക്കെതിരായ ഞെട്ടിക്കുന്ന വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.

തുടര്‍ന്ന് കണ്ടെത്തലുകളും ദേവസിക്കെതിരായ തെളിവുകളും വ്യക്തമാക്കി അന്വേഷണസംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി ദേവസിയെ പ്രതിചേര്‍ക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി. അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകനെ പ്രതിയാക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വേണം എന്നതിനാലാണ് സര്‍ക്കാരിനോട് ക്രൈം ബ്രാഞ്ച് അനുമതി തേടിയത്. എന്നാല്‍ ഒരു മാസമായിട്ടും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ല.

കൃത്യമായ തെളിവുണ്ടായിട്ടും അഴിമതിയില്‍ കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാന്‍ മടിക്കുകയും വൈകിപ്പിക്കാന്‍ ശ്രമിക്കുകയുമാണെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്നാണ് ഒന്നരമാസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ഡിജിപിയോട് നിയമോപദേശം തേടിയത്. ഡിജിപി നല്‍കുന്ന നിയമോപദേശത്തിന് അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഇനി തീരുമാനമെടുക്കുക. ഇനി ഡിജിപിയുടെ മറുപടി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

pathram:
Related Post
Leave a Comment