കിഫ്ബിയിലൂടെ 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം. ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ.ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. ഇതോടെ വ്യവസായ പാർക്കുകൾക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായതായി ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിൽ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14,275.17 കോടിയും ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ 5374 കോടി രൂപയുമാണ് കിഫ്ബി നേരത്തെ അംഗീകാരം നൽകിയത്. ഇതിനുപുറമേ 35028.84 കോടി രൂപയുടെ 675 പദ്ധതികൾക്കാണ് വിവിധ ഘട്ടങ്ങളിലായി അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഇപ്പോൾ അംഗീകരിച്ച പദ്ധതികളിൽ 24 റോഡുകൾ, മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും ഓരോ റീച്ചുകൾ, മൂന്നു ആശുപത്രികൾ, ഒരു ബൈപ്പാസ്, 56 സ്‌കൂളുകൾ, ഏഴ് റെയിൽവേ മേൽപ്പാലങ്ങൾ, ഒരു മേൽപ്പാലം, ഒരു ഫിഷിംഗ് ഹാർബർ, 19 കോളേജുകൾ, രണ്ടു ടൂറിസം പദ്ധതികൾ എന്നിവയുണ്ട്.
പൊതുമരാമത്ത് മേഖലയിലാണ് ഇപ്പോൾ കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്: 2989.56 കോടി രൂപ. കായിക, യുവജനക്ഷേമ മേഖലയിൽ 15.83 കോടി, സാംസ്‌കാരിക കേന്ദ്രങ്ങൾക്കുള്ള സ്ഥലമെടുപ്പിനും വികസനത്തിനും 122.99 കോടി, ആരോഗ്യ മേഖലയിൽ 298.62 കോടി, ഫിഷറീസ് വകുപ്പിന്റെ തീരദേശ സ്‌കൂളുകൾക്ക് 64.18 കോടി, ഫിഷറീസ് വകുപ്പിന്റെ ചെത്തി ഹാർബറിന് 166.92 കോടി, തദ്ദേശ വകുപ്പിന് 64.37 കോടി, ടൂറിസത്തിന് രണ്ടു പദ്ധതികൾക്കായി 77.52 കോടി, വനം വന്യജീവി വകുപ്പിന് ഫോറസ്റ്റ് ബൗണ്ടറി, ഫെൻസിംഗ് എന്നിവയ്ക്കായി 110.01 കോടി, കൃഷി മേഖലയിൽ തൃശൂർ അഗ്രോ പാർക്കിദ് 7.15 കോടി എന്നിങ്ങനെയാണ് ഇത്തവണ അനുമതി നൽകിയ മറ്റു പദ്ധതികൾ. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25 ശതമാനം തുകയായ 5374 കോടി രൂപയുടെ ആദ്യഗഡുവായ 349.7 കോടി രൂപ ഇതിനകം കൈമാറിയതായും ധനമന്ത്രി അറിയിച്ചു.
കിഫ്ബിയുടെ സുതാര്യത ഉറപ്പാക്കാൻ സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. കിഫ്ബിയിൽ വിസിൽ ബ്ളോവർ നയം നടപ്പാക്കും. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നവർക്ക് പേരുവിവരങ്ങൾ സ്വകാര്യമാക്കിവെക്കും. കിഫ്ബി സ്വതന്ത്രഅംഗമായ സലിം ഗംഗാധരനായിരിക്കും കിഫ്ബി ഓംബുഡ്സ്മാനെന്നും മന്ത്രി അറിയിച്ചു.