ഇന്ന് ജയിച്ചേ തീരൂ…, ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.

എട്ടാം ഏകദിന സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് 286 റണ്‍സിലെത്തിയത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. രാജ്കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രണ്ടു റണ്‍സകലെ നഷ്ടമായ സെഞ്ചുറി സ്മിത്ത് ബെംഗളൂരു ചിന്നസ്വാമിയില്‍ സ്വന്തമാക്കുകയായിരുന്നു.

സ്മിത്തിനു ശേഷം 54 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് മാര്‍നസ് ലബുഷെയ്നുമൊത്ത് 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഏകദിനത്തില്‍ ലബുഷെയ്നിന്റെ ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികച്ച ഒരു ക്യാച്ചിലാണ് ലബുഷെയ്ന്‍ പുറത്തായത്.

അലക്സ് കാരി (35), ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാര്‍ക്ക് (0), ആഷ്ടണ്‍ ടേണര്‍ (4), പാറ്റ് കമ്മിന്‍സ് (0), ആദം സാംപ (1) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഷമിക്ക് ഇതോടെ 200 വിക്കറ്റുകളായി. 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ബുംറ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച എക്കണോമി റേറ്റ് കാത്തു.

ഈ മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കും രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കുമായിരുന്നു വിജയം.

pathram:
Leave a Comment