ആനവണ്ടിയെ രക്ഷിക്കാന്‍ ആനമണ്ടത്തരം കാണിക്കുന്നോ…?

കടംകയറി നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രം. കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകള്‍ സ്ഥാപിച്ച് റോഡിലെ നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കണമെന്നാണ് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതി ലാല്‍ നിര്‍ദേശിക്കുന്ന പുതിയ ഐഡിയ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിക്കാനും ഒരു ബസിലെ ക്യാമറ ദിവസേന 40 നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴവിഹിതമായി 250 രൂപ എന്ന തോതില്‍ പതിനായിരം രൂപ വരുമാനം ലഭിക്കുമെന്നാണ് ഗതാഗത സെക്രട്ടറി പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ശമ്പളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും സര്‍ക്കാരിനെഴുതിയ കത്തില്‍ ജ്യോതിലാല്‍ വ്യക്തമാക്കുന്നു. ഇതിനായി കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്താമെന്നാണ് ഗതാഗത സെക്രട്ടറിയുടെ അഭിപ്രായം.

ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകള്‍ ഘടിപ്പിക്കുക. ഇവ ഉപയോഗിച്ച് നിരത്തിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വരെ റെക്കോര്‍ഡ് ചെയ്യാനാവണം. ഈ ക്യാമറയിലൂടെ ഹെല്‍മറ്റ് വയ്ക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ട്രാഫിക് ലൈന്‍ പാലിക്കാത്തവര്‍, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ എന്നിവരെ കണ്ടെത്താം. ഓരോ ജില്ലയിലും കണ്ടെത്തുന്ന നിയലംഘനങ്ങള്‍ അതാത് ജില്ലയിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. അവര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും. ഇതിന്റ പകുതി കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കാം..
ഒരു ബസിന് ദിവസം അന്‍പത് നിയമലംഘനങ്ങളെങ്കിലും കണ്ടെത്താനാകും. അതുവഴി കുറഞ്ഞത് പതിനായിരം രൂപ ബസൊന്നിന് ലഭിക്കുമെന്നാണ് ഗതാഗതസെക്രട്ടറിയുടെ കണക്കുകൂട്ടല്‍. ഈ പണം ശമ്പളത്തിനായി വിനിയോഗിക്കാമെന്നും ഗതാഗത സെക്രട്ടറി പറയുന്നു.

ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി എം ഡിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ മറുപടിയും നല്‍കി. എന്നാല്‍ ഗതാഗതഗ സെക്രട്ടറിയുടെ ഈ ഐഡിയക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായി. ഈ നിര്‍ദ്ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. കെഎസ്ആര്‍ടിസി ബസുകളിലെ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് പിഴ ഈടാക്കാന്‍ അധികാരമില്ല. ഇനി ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തിയാല്‍ കോടതിയില്‍ അതു ചോദ്യം ചെയ്യപ്പെടാമെന്നും നിയമ വിദഗ്ദര്‍ പറയുന്നു.

മാത്രമല്ല ഇത്രയും ബസുകളില്‍ സ്ഥാപിക്കണമെങ്കില്‍ 8000ത്തില്‍ അധികം ക്യാമറകള്‍ വേണ്ടിവരും. വന്‍വിലയും നല്‍കേണ്ടി വരും. മോട്ടോര്‍ വാഹനവകുപ്പു പോലും ആവശ്യത്തിനു ക്യാമറകളില്ലാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ ഇത്രയും ക്യാമറകള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ഇന്റെര്‍നെറ്റിന് വേഗമില്ലാത്തതിനാല്‍ ഇപ്പോഴുള്ള ജോലികള്‍ തന്നെ അവതാളത്തിലാണെന്നും പിന്നെങ്ങനെ ഈ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കൂടി കണ്ട്രോള്‍ റൂമിലേക്ക് എത്തിക്കുകയെന്നും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

അതേസമയം ഗതാഗത സെക്രട്ടറിയുടെ പദ്ധതിയെ പരിഹസിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഏറെപ്പേരും രംഗത്തു വരുന്നത്. ഇതേ മാതൃകയില്‍ സ്വകാര്യ കാറുകളിലും മറ്റും ഇത്തരം ക്യാമറകള്‍ ഘടിപ്പിച്ചാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്ത് സര്‍ക്കാരിനെ സഹായിക്കാമെന്നും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് അതൊരു വരുമാന മാര്‍ഗ്ഗമാകുമെന്നുമാണ് ചിലരുടെ പരിഹാസം. കെഎസ്ആര്‍ടിസിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ തന്നെ ഇതുപകരിക്കുമെന്നു ചിലരും സ്വയം കുഴി തോണ്ടരുതെന്ന് മറ്റു ചിലരും പരിഹസിക്കുന്നു.

pathram:
Related Post
Leave a Comment