ദിലീപും മഞ്ജുവും ഒരേ വേദിയില്‍; ഒപ്പം നാദിര്‍ഷയും

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഈ ന്യൂ ഇയര്‍ എങ്ങിനെ വ്യത്യസ്തമാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ടിവി ചാനലുകളും ആഘോഷത്തെ വരവേല്‍ക്കാന്‍ വിവിധ പരിപാടികള്‍ ഒരുക്കി കഴിഞ്ഞു. പുതുമയുള്ള പരിപാടികള്‍ അവതരിപ്പിച്ച് റേറ്റിങ് കൂട്ടാനുള്ള മത്സരത്തിലാണ് മലയാള ചാനലുകള്‍. ഇങ്ങനെ ജനങ്ങളെ ആകര്‍ഷിക്കാന്‍ മലയാള സിനിമാ ആസ്വാദകരെ അമ്പരപ്പിക്കുന്ന തരത്തില്‍ പരിപാടി അവതരിപ്പിക്കാനാണ് സീ മലയാളം ശ്രമിക്കുന്നത്. ചാനലിലെ സരിഗമപ എന്ന പരിപാടിയിലൂടെയാണ് സീ മലയാളം പുതിയ അടവ് പരീക്ഷിക്കുന്നത്. സരിഗമപ വേദിയില്‍ അതിഥികളായി ഇക്കുറി ദിലീപിനൊപ്പം മഞ്ജുവും എത്തുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ഇവര്‍ക്കൊപ്പം നാദിര്‍ഷായും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് പേരും പങ്കെടുക്കുന്ന പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും. ഇതിന്റെ പ്രൊമോ വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മൂവരും ഒരുമിച്ചാണോ പരിപാടിയില്‍ എത്തുന്നത് എന്ന കാര്യം വ്യക്തമാകുന്നില്ല.

ദിലീപിന് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകന്‍ ജീവ പറയുന്ന രംഗങ്ങളും പ്രൊമോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആ സര്‍പ്രൈസ് നാദിര്‍ഷ ആകുമോ മഞ്ജു ആകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതിനൊപ്പം മഞ്ജുവിന്റെ എന്‍ട്രി വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ആണ് മഞ്ജു വേദിയിലേക്ക് എത്തുന്നത്. ഞാന്‍ ആദ്യമായി ചേച്ചിയെ വിളിക്കുന്നത് എനിക്ക് വേണ്ടി ഒരു പാട്ട് പാടാന്‍ വേണ്ടിയാണ് എന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പറയുന്നു. മാത്രമല്ല കള്ളി പൂങ്കുയിലേ എന്ന ഗാനം കേള്‍ക്കുന്ന മഞ്ജു, ഇത് തനിക്ക് വളരെ നൊസ്റ്റാള്‍ജിയ നല്‍കുന്ന ഗാനമാണ് എന്ന് പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. മൂന്നു പേരെയും വ്യത്യസ്തമായ സീനുകളിലാണ് കാണിക്കുന്നത് എന്നതുകൊണ്ട് വെവ്വേറെ ദിവസങ്ങളിലാണോ ഇവര്‍ എത്തുന്നത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. എന്തായാലും വേര്‍പിരിഞ്ഞ ശേഷം ഒരേ പരിപാടിയില്‍ മഞ്ജുവും ദിലീപും എത്തുന്നു എന്നത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ദിലീപിനും മഞ്ജുവിനും ഇന്നും നിരവധി മലയാളി ആരാധകരുണ്ട്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരും ഒരേ വേദിയില്‍ എത്തുന്നത് അപൂര്‍വമാണ്. 2014 ല്‍ ആണ് ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് മഞ്ജു-ദിലീപ് വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. നിരവധി ഗോസിപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെ കാവ്യ- ദിലീപ് ബന്ധത്തെ കുറിച്ചും പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദിലീപ് ഒരു സുപ്രഭാതത്തില്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ വച്ച് രാത്രിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ഇതില്‍ ദിലീപിന്റെ ഗൂഢാലോചന ആരോപിക്കപ്പെടുകയും ചോദ്യം ചെയ്യലുമൊക്കെയായി വിവാദകാലഘട്ടം ആയിരുന്നു പിന്നീട്. അധികം വൈകാതെ അറസ്റ്റും ജയില്‍വാസവും. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തി. ഒടുവില്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നശേഷം വിവിധ ചിത്രങ്ങള്‍ റിലീസ് ചെയ്തു. എങ്കിലും കാര്യമായ മെച്ചമുണ്ടാക്കിയില്ല. ഇതിനിടെയില്‍ മഞ്ജുവാകട്ടെ മലയാള സിനിമയില്‍ നഷ്ടപ്പെട്ട തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ സിനിമകളെല്ലാം വന്‍ ഹിറ്റുകളായതോടെ മഞ്ജു പഴയ പ്രതാപം വീണ്ടെടുക്കുകയും ചെയ്തു.
അതേസമയം ദിലീപിനൊപ്പം മിമിക്രിയിലൂടെ സിനിമയില്‍എത്തിയ നാദിര്‍ഷ ഇപ്പോള്‍ സംവിധായകന്‍ എന്നനിലയില്‍ തിളങ്ങിനില്‍ക്കുകയാണ്. ഉറ്റസുഹൃത്തുക്കളായിരുന്നു ദിലീപും നാദിര്‍ഷയും. അതുകൊണ്ടുതന്നെ ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചില ആരോപണങ്ങളില്‍ നാദിര്‍ഷയും ഉള്‍പ്പെട്ടിരുന്നു.
അങ്ങിനെയിരിക്കേയാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വാര്‍ത്തകള്‍ വരുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment