ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; പരമ്പര

നാഗ്പൂരില്‍ നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. സന്ദര്‍ശകരെ 30 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ആറ് വിക്കറ്റെടുത്തുത്. ലോക ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ബംഗ്ലാദേശിന് 19.2 ഓവറില്‍ 144ന് എല്ലാവരും പുറത്തായി. മുഹമ്മദ് നയി (48 പന്തില്‍ 81)മിന്റെ ഇന്നിങ്സ് ഇന്ത്യയെ പേടിപ്പെടുത്തിയെങ്കിലും ഇന്ത്യ പിടികൊടുത്തില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യം ബംഗ്ലാദേശും രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ജയിച്ചിരുന്നു.

നയിമിനെ കൂടാതെ ലിറ്റണ്‍ ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0), മുഹമ്മദ് മിഥുന്‍ (27), മുഷ്ഫിഖര്‍ റഹീം (0), മഹ്മുദുള്ള (8), അഫീഫ് ഹുസൈന്‍ (0), ഷഫിയുള്‍ ഇസ്ലാം (4), അമിനുല്‍ ഇസ്ലാം (9), മുസ്തഫിസുര്‍ റഹ്മാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. അല്‍ അമീന്‍ ഹുസൈന്‍ (0) പുറത്താവാതെ നിന്നു. രണ്ട് സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു നെയിമിന്റെ ഇന്നിങ്സ്. പരിചയസമ്പന്നനായ മുഷ്ഫിഖര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. ഇന്ത്യക്ക് വേണ്ടി ചാഹറിന് പുറമെ ശിവം ദുബെ മൂന്നും യൂസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റുമെടുത്തു.

നേരത്തെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നേരത്തെ മടങ്ങിയെങ്കിലും ശ്രേയസ് അയ്യര്‍ (62), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ഇന്നിങ്സുകള്‍ ഇന്ത്യക്ക് തുണയായി. രോഹിത് ശര്‍മ (2), ശിഖര്‍ ധവാന്‍ (19), ഋഷഭ് പന്ത് (6) എന്നിങ്ങനെയാണ് മറ്റുള്ളതാരങ്ങളുടെ സ്‌കോറുകള്‍. മനീഷ് പാണ്ഡെ (22), ശിവം ദുബെ (9) എന്നിവര്‍ പുറത്താവാതെ നിന്നു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നേരിട്ട ആറാം പന്തില്‍ തന്നെ രോഹിത് പുറത്തായി. ഷഫിയുളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ശ്രേയസ് സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അല്‍ അമീനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ മിഡ് ഓഫില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. അയ്യരും സര്‍ക്കാരിന്റെ പന്തില്‍ കീഴടങ്ങി.

നേരത്തെ, മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന്‍ ടീമിലെത്തി.

pathram:
Related Post
Leave a Comment