പഴയ എസ്എഫ്ഐകാരിക്ക് കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ 9 വര്‍ഷം മതിയാവില്ല; കൊച്ചി മേയര്‍ സൗമിനി ജയനെതിരേ ഹൈബി ഈഡന്‍

കൊച്ചി: മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിച്ച് ഹൈബി ഈഡന്‍ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിന്‍ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമര്‍ശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

‘ഇത് കോണ്‍ഗ്രസാണ് സഹോദരി.. തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോണ്‍ഗ്രസാണെന്നും ഹൈബി ഈഡന്‍ പറയുന്നു’.

നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പരാജയമാണെന്നും മേയര്‍ സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു.

നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പാര്‍ട്ടിക്ക് പാഠമാകണം. നഗരസഭയുടെ വീഴ്ച പാര്‍ട്ടിക്ക് തിരിച്ചടിയായി. വോട്ടുകള്‍ ചോര്‍ന്നു. തിരുത്തല്‍ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം തിരുത്തിക്കും. ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളില്‍ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഹൈബിയെ ട്രോളിക്കൊണ്ട് സൗമിനി ജെയിനും രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനം രാജിവെച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു മേയറുടെ മറുപടി. ഹൈബിയുടെ ഭാര്യ ഫെയ്സ്ബുക്കിലിട്ട ബലാത്സംഗ പരാമര്‍ശത്തെ ട്രോളിക്കൊണ്ടായിരുന്നു സൗമിനി ജെയിന്റെ മറുപടി.

സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കള്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. ഇതിനിടയിലാണ് ഹൈബി ഈഡന്റ് ഫെയ്സ്ബുക്ക് പോസ്റ്റ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7