സംസ്ഥാനത്ത് 17,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍; 13,0000 പുരുഷന്മാരും; എച്ച്.ഐ.വി കൂടുതല്‍….

കേരളത്തില്‍ പതിനേഴായിരത്തിലധികം സ്ത്രീകള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണെന്ന് റിപ്പോര്‍ട്ട്. 13,331 പുരുഷ ലൈംഗികത്തൊഴിലാളികളുമുണ്ട്. എച്ച്.ഐ.വി. ബാധിതരെ കണ്ടെത്താന്‍ കേരളാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സര്‍വേയിലേതാണ് ഈ കണക്ക്.

ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലെത്തി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് ഇതിലേറെയും. നഗരങ്ങളിലെ ഹോട്ടലുകള്‍ ഫ്‌ളാറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലൈംഗികത്തൊഴില്‍ വ്യാപകമായി നടക്കുന്നതായും സൊസൈറ്റി വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴീല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാണ് കണക്കുകള്‍ ശേഖരിക്കുന്നത്. 36 മുതല്‍ 46 വയസ്സുവരെ പ്രായമുള്ളവരാണ് സ്ത്രീലൈംഗികത്തൊഴിലാളികളില്‍ 60 ശതമാനവും. പ്രായമായ നൂറുകണക്കിനാളുകള്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നു.

പതിനേഴായിരത്തോളം സ്ത്രീലൈംഗികത്തൊഴിലാളികളില്‍ നാലുപേര്‍ക്കാണ് എച്ച്.ഐ.വി. ബാധ. ഇവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. സ്ത്രീലൈംഗികത്തൊഴിലാളികളെക്കാള്‍ പുരുഷ ലൈംഗികത്തൊഴിലാളികളിലാണ് എച്ച്.ഐ.വി. ബാധ കൂടുതല്‍. 9,608 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 11 പേര്‍ക്ക് രോഗ ബാധയുണ്ട്.

കോഴിക്കോട് ജില്ലയിലാണ് പുരുഷ ലൈംഗികത്തൊഴിലാളികള്‍ കൂടുതല്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ പുരുഷലൈംഗിത്തൊഴിലാളികളുടെ എണ്ണവും കൂടി. കേരളത്തിനുപുറത്തേക്ക് ഈ തൊഴിലിനായി പോയവരുമുണ്ട്. സ്ഥിരമായി പതിനായിരത്തിലധികം പേര്‍ മയക്കുമരുന്നു കുത്തിവെക്കുന്നതായും കണ്ടെത്തി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 1,480 പേരെ പരിശോധിച്ചതില്‍ രണ്ടുപേര്‍ക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തി. 20,983 മറുനാടന്‍തൊഴിലാളികളില്‍ 21 പേര്‍ക്കും എച്ച്.ഐ.വി. ഉണ്ട്. ഇവര്‍ക്കിടയില്‍ സിഫിലസ് തുടങ്ങിയ ലൈംഗികരോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 3,849 ട്രക്ക് ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പത്തു വര്‍ഷത്തിനിടെ എല്ലാ വിഭാഗത്തിലും കൂടി എച്ച്.ഐ.വി. ബാധ കുറഞ്ഞിട്ടുണ്ട്. 2008-ല്‍ 0.13 ശതമാനമായിരുന്നത് 2018-ല്‍ 0.05 ശതമാനമായി കുറഞ്ഞതായി സൊസൈറ്റി ജോയന്റ് ഡയറക്ടര്‍ ഡെന്നീസ് ജോസഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7