ടീമില്‍ ഇവരെ ഉള്‍പ്പെടുത്തണം; കോഹ്ലിയോട് ഗാംഗുലി

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമില്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സ്പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ പരമ്പരകളില്‍ ഇരുവരെയും ടീമില്‍നിന്നു മാറ്റിനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരകളില്‍ ഇരുവരും കളിച്ചിരുന്നില്ല.

നിലവില്‍ ഇന്ത്യന്‍ ടീം ഏറെ മികച്ചതാണ്. പക്ഷേ ഈ സ്പിന്നര്‍മാരെ ട്വന്റി20യില്‍ ടീമിലേക്കു തിരികെയെത്തിക്കാന്‍ വിരാട് കോലി തയാറാകണം. കുല്‍ദീപിനെയും ചെഹലിനെയും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതു താല്‍ക്കാലികം മാത്രമാണെന്നാണു കരുതുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇരുവരും കളിക്കേണ്ടതു ടീമില്‍ അത്യാവശ്യമാണെന്നും ഒരു ദേശീയ മാധ്യമത്തില്‍ ഗാംഗുലി വ്യക്തമാക്കി.

രണ്ട് ഇടംകയ്യന്‍ സ്പിന്നര്‍മാരെ ടീമിന് ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു. രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഗാംഗുലിയുടെ പരാമര്‍ശം. ടീമില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ട്വന്റി20യില്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. സ്ഥിരതയാര്‍ന്ന പ്രകടനം ടീമില്‍നിന്ന് ഇല്ലാതിരുന്നതും ഗാംഗുലിയുടെ നിര്‍ദേശത്തിനു കാരണമായി.

ഫലത്തേക്കാളുപരി ഇന്ത്യന്‍ ക്യാപ്റ്റന്‍ സഹതാരങ്ങളെ പൂര്‍ണമായും ഉപയോഗിക്കാന്‍ തയാറാകണമെന്നും ഗാംഗുലി പറഞ്ഞു. ട്വന്റി20യില്‍ ബാറ്റിങ് ലൈനപ്പ് മികച്ചതാക്കാനാണു ടീമിന്റെ ശ്രമമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ പറഞ്ഞിരുന്നു. ഇരു താരങ്ങള്‍ക്കും ബാറ്റിങ്ങില്‍ ഒട്ടും മികവില്ലാത്തതാണ് ടീമില്‍നിന്നു പുറത്താകാന്‍ കാരണമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

pathram:
Leave a Comment