രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സോടെ ഹനുമ വിഹാരിയും 27 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 32 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. പിന്നാലെ ആറു റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ക്രീസ് വിട്ടു. പിന്നീട് മൂന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും ഒത്തുചേര്‍ന്നു. ഇരുവരും 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മായങ്ക് അഗര്‍വാള്‍ 127 പന്തില്‍ 55 റണ്‍സ് നേടി. 163 പന്തില്‍ 76 റണ്‍സായിരുന്നു വിരാട് കോലിയുടെ സമ്പാദ്യം. കഴിഞ്ഞ ടെസ്റ്റിലെ ഹീറോ അജിങ്ക്യ രഹാനെയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 24 റണ്‍സോടെ പുറത്തായി.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ 20 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കോര്‍ണവാളും റോച്ചും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ടെസ്റ്റിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ സ്പിന്‍ ബൗളറായ റഹ്കീം കോണ്‍വാള്‍ അരങ്ങേറി.

ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയില്‍ ആകെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഈ ടെസ്റ്റ് സമനില ആകുകയോ വിന്‍ഡീസ് തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കും. നേരത്തെ ഏകദിന പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.

pathram:
Related Post
Leave a Comment