വിനീതും റാഫിയും ചെന്നൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് സൂചന

ചെന്നൈ: മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്.സിയോട് വിട പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഹാളിചരണ്‍ നര്‍സാറിയേയും ചെന്നൈ റിലീസ് ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്ന സൂചനയുണ്ട്. അതേസമയം വിനീത് ഏത് ടീമിലാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ സീസണ്‍ പകുതിയായപ്പോഴാണ് വിനീതും നര്‍സാറിയും വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിലെത്തിയത്.

ഐ.എസ്.എല്‍ രണ്ട്, മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു 37-കാരനായ റാഫി. 2016-ല്‍ ഫൈനലിലേതുള്‍പ്പെടെ ആറു ഗോളുകളും നേടി. ആദ്യ ഐ.എസ്.എല്ലില്‍ കൊല്‍ക്കത്ത കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈ കിരീടം നേടിയപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് റാഫി കളിച്ചത്.

31-കാരനായ വിനീത് ചെന്നൈയിനായി 17 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ കണ്ടെത്തി. സൂപ്പര്‍ കപ്പില്‍ രണ്ടു തവണയും ഐ.എസ്.എല്ലിലും എ.എഫ്.സി കപ്പിലും ഓരോ ഗോള്‍ വീതവും. സൂപ്പര്‍ കപ്പില്‍ വിനീതിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചത്.

ഒക്ടോബര്‍ 20ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം. കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയും തമ്മിലാണ് പോരാട്ടം.

pathram:
Related Post
Leave a Comment