യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ട; വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണം; ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ശബരിമലയില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ നീക്കം.

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിയ്ക്ക് ഒപ്പം നിര്‍ത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സിപിഎമ്മില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്.

വിവാദ നിലപാടുകളില്‍ പാര്‍ട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാന്‍ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയില്‍ നിര്‍ദേശമുയര്‍ന്നു.

എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു.

മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

സിപിഎം മന്ത്രിമാര്‍ക്കെതിരെ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല. ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു. ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങള്‍ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു സ്വയം വിമര്‍ശനം. പിരിവുകള്‍ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന നിരീക്ഷണം. പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment