പിഎഫില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍

ഹൈദരാബാദ്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 കൊല്ലം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാര്‍ അധ്യക്ഷത വഹിച്ചു.

മാസപെന്‍ഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെന്‍ഷന്‍ പറ്റുമ്പോള്‍ മുന്‍കൂറായി നല്‍കുന്നതാണ് ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലെ കമ്മ്യൂട്ടേഷന്‍ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷന്‍ തുടങ്ങിയത്. എന്നാല്‍ 2008-ല്‍ ഈ ആനുകൂല്യം നിര്‍ത്തി. പെന്‍ഷന്‍ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവര്‍ക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി.

പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോള്‍ മാത്രമാണ് മുഴുവന്‍ പെന്‍ഷന് അര്‍ഹത. ആറ് ലക്ഷത്തില്‍പ്പരം പെന്‍ഷന്‍കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ല്‍ നിര്‍ത്തലാക്കിയ കമ്മ്യൂട്ടേഷന്‍ സമ്പ്രദായം പിന്നീട് വിരമിച്ചവര്‍ക്ക് ബാധകമാക്കിയിട്ടില്ല.

കേന്ദ്ര-സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് വിരമിക്കുമ്പോള്‍ പെന്‍ഷന്‍തുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവന്‍ പെന്‍ഷന്‍തുക ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7