ആന്റിഗ്വ: ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിന് ആന്റിഗ്വയിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ടി20, ഏകദിന പരമ്പരകളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്.
അതിശക്തമായ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ വിന്‍ഡീസിനെ നേരിടുന്നത്. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമായിരിക്കും ഓപ്പണര്‍മാര്‍. ചേതേശ്വര്‍ പുജാരയും വിരാട് കോലിയും പിന്നാലെയെത്തും. പേസര്‍മാരെ തുണയ്ക്കുന്ന വിക്കറ്റാണ് ആന്റിഗ്വയില്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് ബൗളര്‍മാരുമായി കളിക്കാനാണ് വിരാട് കോലിക്ക് താല്‍പര്യം. ഇതുകൊണ്ടുതന്നെ അഞ്ചാം നമ്പറിനായി അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും മത്സരിക്കേണ്ടിവരും. രഹാനെയ്ക്കാണ് സാധ്യത കൂടുതല്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനും ടീമില്‍ സ്ഥാനം ഉറപ്പാണ്. ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരായിരിക്കും ഫാസ്റ്റ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരില്‍ ഒരാളെമാത്രം കളിപ്പിക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ കുമാറോ ഉമേഷ് യാദവോ നാലാം പേസറാവും.
കെമാര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരടങ്ങിയ പേസ് നിരയിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. ഷായ് ഹോപ്, ജോണ്‍ കാംപല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഡാരെന്‍ ബ്രാവോ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. 2016ലെ പര്യടനത്തില്‍ നാല് ടെസ്റ്റുകളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Leave a Comment