ചിദംബരത്തെ കാണാനില്ല; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന് ആശ്വസിക്കാന്‍ വകയില്ല. അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുത്തേക്കില്ല. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വരുന്നത് വരെ അറസ്റ്റ് ചെയ്യുന്നതില്‍ പരിരക്ഷ നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ ജസ്റ്റിസ് രമണ തയ്യാറായില്ല.

ഇത് കള്ളപ്പണം വെളുപ്പിച്ചതിന്റെ ആഴം വെളിവാക്കുന്ന ബൃഹത്തായ കേസാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ അടിയന്തരമായി ഇടക്കാല ആശ്വാസം വേണമെന്നും അദ്ദേഹത്തിന്റെ പൂര്‍വകാലം കുറ്റമറ്റ രീതിയിലുള്ളതാണെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കബില്‍ സിബലടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. പക്ഷേ ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസിന്റെ അടിയന്തര പരിഗണനക്ക് വിടുകയാണെന്നും ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു.

ഇതിനിടെ അറസ്റ്റ് നടപടികള്‍ സിബിഐ ശക്തമാക്കിയതോടെ ചിദംബരത്തെ കാണാതായി. ഇതേ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനായി ലുക്കൗട്ട് നോട്ടീസയച്ചു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിബിഐ സംഘം മൂന്നുതവണയാണ് ചിദംബരത്തെ തേടി ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഇന്നലെ വൈകുന്നേരം എന്‍ഫോഴ്സ്മെന്റ് സംഘത്തോടൊപ്പമാണ് സിബിഐ ഉദ്യോഗസ്ഥര്‍ ആദ്യം എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാനായില്ല. തുടര്‍ന്ന് രാത്രിയോടെ വീണ്ടുമെത്തി രണ്ടുമണിക്കൂറിനകം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് പതിച്ച് മടങ്ങി.

എന്നാല്‍ ചിദംബരത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണം ലഭിക്കാതായതോടെ സിബിഐ സംഘം ഇന്ന് രാവിലെ വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇതിനിടെ നോട്ടീസ് പതിച്ചതിന്റെ നിയമസാധുത തേടി സിബിഐ ഡയറക്ടര്‍ക്ക് ചിദംബരത്തിന്റെ അഭിഭാഷകന്‍ കത്തയയ്ക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular