ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 13-ന് ഇനി വാദം കേള്‍ക്കുന്നതിന് മുമ്പായി മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദീപക് ഗുപത്, അനിരുദ്ധ ബോസെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജയില്‍ വാദം തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അപകീര്‍ത്തികരവും അശ്ലീലവുമായുള്ള ഉള്ളടക്കം, ഭീകരവാദപ്രവര്‍ത്തനങ്ങള്‍, അപകടകരമായ ഗെയിമുകളുടെ വ്യാപനം തുടങ്ങിയ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ ഉപയോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു. വാട്സാപ്പ് എന്‍ഡു ടു എന്‍ഡു എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ മൂന്നംകക്ഷിയായ ആധാര്‍ നമ്പര്‍ ഇതിലേക്ക് പങ്കിടുക എന്നാ സാധ്യമായ കാര്യമല്ല. ഒരുതരത്തിലും മൂന്നാം കക്ഷിക്ക് വാട്സാപ്പില്‍ പ്രവേശനം ലഭിക്കില്ലെന്നുമാണ് ഫെയ്സ്ബുക്ക് അറിയിച്ചത്.
അതേ സമയം സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.
Leave a Comment