മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്വാഭാവിക നീതി നിഷേധമെന്ന് ഫ്‌ലാറ്റുടമകള്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യു ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളുകയാണ് ഉണ്ടായത്.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക വഴി നാനൂറോളം കുടുംബങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനും തങ്ങളുടെ ഭാഗംകേള്‍ക്കുന്നതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങളുടെ പ്രയാസങ്ങള്‍ ബഹുജനങ്ങളെയും നഗരസഭ ഭരണസമിതി അംഗങ്ങളെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിന് വേണ്ടി ഈ മാസം 30-ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മരട് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ മരട് ഭവന സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുകയാണ്. ഇതിന് ബഹുജനങ്ങളുടേയും രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സഹായ സഹകരണം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ധര്‍ണ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണയോടനുബന്ധിച്ചു നടക്കുന്ന പൊതുയോഗത്തെ എം. സ്വരാജ് എംഎല്‍എ, മുന്‍ മന്ത്രി കെ. ബാബു, കേരള ലാറ്റിന്‍ കാത്തലിക് ലീഗല്‍ ഫോറം പ്രസിഡന്റ് ജസ്റ്റിന്‍ കരിപ്പേറ്റ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രശസ്തര്‍ സംസാരിക്കും.

2011-ലെ സിആര്‍ഇസെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് 2019 ഫെബ്രുവരി 28-ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതുമായ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാനില്‍ മരട് ഉള്‍പ്പെടുന്ന പ്രദേശത്തെ സിആര്‍ഇസെഡ്-2-ലാണ് പെടുത്തിയിരുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവെച്ചാണ് 1996-ലെ അവ്യക്തതകള്‍ ഉള്ള പ്ലാന്‍ പ്രകാരം പ്രദേശം സിആര്‍ഇസെഡ്-3-ലാണെന്ന് കാണിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അങ്ങനെയാണെങ്കില്‍ മരട് പ്രദേശത്തെ 2019 ഫെബ്രുവരിക്ക് മുമ്പ് നിര്‍മിച്ചിട്ടുള്ള 2000-ലേറെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതായി വരും. സുപ്രീംകോടതി വിധി സംസ്ഥാനത്താകെ നടപ്പായാല്‍ തീരദേശ മേഖലയിലെ പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകും. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് വന്‍ സാമൂഹ്യ-പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതമാണ് ഉണ്ടാക്കുക. തങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും മറ്റനേകരുടെ വീടുകള്‍ സംരക്ഷിക്കാനും അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, സി.എം. വര്‍ഗീസ്, ജോര്‍ജ് കോവൂര്‍, ബിയോജ് ചേന്നാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

pathram:
Leave a Comment