ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടുകളും; ശിവരഞ്ജിത്തിന്റെ പരീക്ഷ എഴുതല്‍ ഞെട്ടിക്കുന്നത്…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വധശ്രമക്കേസിലെ പ്രതി ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ ലഭിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശിവരഞ്ജിത്ത് സംഘടിപ്പിച്ച ഉത്തരക്കടലാസുകളുടെ ഒരുകെട്ട് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രണവിനു നല്‍കിയിരുന്നതായാണു പോലീസ് കണ്ടെത്തല്‍.

പരീക്ഷാ ഹാളില്‍ വെറുതേയിരിക്കുകയല്ലെന്നു തോന്നിക്കാന്‍ ശിവരഞ്ജിത്ത് ഉത്തരക്കടലാസില്‍ കുറിച്ചിരുന്നതു പ്രണയലേഖനവും സിനിമാപ്പാട്ടുകളുമായിരുന്നത്രേ. പരീക്ഷാസമയം അവസാനിക്കുമ്പോഴേക്ക് ശരിയായ ഉത്തരം എഴുതിയ കടലാസുകള്‍ പുറത്തുനിന്നു വരും. ഇവ ചേര്‍ത്താണ് ഉത്തരക്കടലാസ് ബുക്ക് പരീക്ഷാച്ചുമതലയുള്ള അധ്യാപകര്‍ക്കു നല്‍കിയിരുന്നതെന്നു പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സര്‍വകലാശാലയുടെ പരീക്ഷാക്കടലാസുകള്‍ ശിവരഞ്ജിത്ത് മോഷ്ടിച്ചെന്നും ദുരുപയോഗം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മണക്കാട് ശിവകൃപ വീട്ടില്‍ സൂക്ഷിച്ചെന്നും പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. 212801, 212802, 202024, 2022016, 495529, 359467, 320548, 495528, 495526 എന്നീ സീരിയല്‍ നമ്പറുകളിലുള്ള ഉത്തരക്കടലാസുകളും ഫേസിങ് ഷീറ്റ് ഇല്ലാത്ത ഏഴ് ഉത്തരക്കടലാസുകളുമാണു ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്തത്. ഇവ യൂണിവേഴ്സിറ്റി കോളജിനു നല്‍കിയതാണെന്നു സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരക്കടലാസ് ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഉടനാരംഭിക്കും.

pathram:
Leave a Comment