13 കാരന്റെ ഫുട്‌ബോള്‍ പ്രകടനം; മഹ്‌റൂഫിനെ തേടി ലോക താരങ്ങളും

അസാമാന്യ പ്രകടനം കാഴ്ചവച്ച് മഴയത്ത് ഫുട്‌ബോള്‍ കളിക്കുന്ന 13കാരന്‍ ലോക താരങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നു. കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്റൂഫിന്റെ വീഡിയോ ആണ് ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.

ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് മഹ്റൂഫിനെ തേടി കടല്‍കടന്നും അംഗീകാരങ്ങളെത്തിയത്. എതിരാളികളെ തന്ത്രപരമായി കബളിപ്പിച്ചും മികച്ച പാസുകള്‍ നല്‍കിയും സ്വന്തം ടീം ഗോള്‍വല ചലിപ്പിക്കുന്ന മഹ്റൂഫിന്റെ പ്രകടനമാണ് വീഡിയോയിലുള്ളത്.

വാട്സ്ആപ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും നിമിഷനേരംകൊണ്ടാണ് മലയാളികളെ ഞെട്ടിച്ച മഹ്റൂഫിന്റെ പ്രകടനം വൈറലാകുന്നത്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ എഡ്വേഡ് ഹ്യൂം, ഹോളണ്ട് വാല്‍വിജിക് ക്ലബ് താരം ഹാന്‍സ് മുള്‍ഡര്‍ എന്നിവരാണ് വിഡിയോ കണ്ട ഉടന്‍ മഹ്റൂഫിനെക്കുറിച്ച് കൂടുതല്‍ അറിയാനും അഭിനന്ദിക്കാനും മുന്നോട്ടുവന്നത്.

വീഡിയോ പങ്കുവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മഹ്റൂഫിന് അഭിനന്ദനവുമായി രംഗത്തെത്തി. മികച്ച കഴിവുള്ള കുട്ടിയാണ് മഹ്റൂഫ് എന്നും കൂടുതല്‍ പരിശീലനം നല്‍കി അത് വളര്‍ത്തിയെടുക്കുന്നതിന് ക്ലബ്ബുകള്‍ മുന്നോട്ടുവരണമെന്നും കെബിഎഫ്സി അഭ്യര്‍ഥിച്ചു.

pathram:
Leave a Comment