ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം ഞെട്ടലോടെയാണ് ഏവരും കേട്ടത്. സുപ്രീം കോടതി അഭിഭാഷകയായ ഭാര്യ അപൂര്‍വ ശുക്ലയായിരുന്നു രോഹിതിനെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അപൂര്‍വ ഭാവി പ്രവചനം പഠിക്കുകയാണ്. ടാരറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യയില്‍ അപൂര്‍വ പ്രാവീണ്യം നേടുകയാണെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.
” ആഴ്ചയില്‍ രണ്ടു ക്ലാസ്. ചൊവ്വയും വെള്ളിയും രണ്ടു മണിക്കൂര്‍ വീതം. പഠിതാക്കളുടെ മുന്‍നിരയില്‍ തന്നെ അപൂര്‍വ ഇരിപ്പുറപ്പിക്കും. പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഇതുവരെ ഏഴു ക്ലാസുകള്‍ പൂര്‍ത്തിയായി. ശ്രദ്ധാപൂര്‍വമാണു ക്ലാസിലിരിക്കുന്നത്. കോടതി നടപടിക്കായി പോയതിനാല്‍ ഒരു ക്ലാസ് നഷ്ടപ്പെട്ടപ്പോള്‍ ദുഃഖിതയായിരുന്നു. അഞ്ചാറു വര്‍ഷമായി ടാരറ്റ് കാര്‍ഡ് പ്രവചനം പഠിക്കാന്‍ അപൂര്‍വ ശ്രമിച്ചെങ്കിലും പലകാരണങ്ങളാല്‍ നടന്നില്ല. ക്ലാസില്‍ ശാന്തയാണ്. പഠിക്കാനുള്ള ആഗ്രഹവും ആത്മവിശ്വാസവും മുഖത്തു കാണാം. ആകെയുള്ള 78 കാര്‍ഡുകളില്‍ 15 എണ്ണം ഉപയോഗിച്ചുള്ള പ്രവചനം പഠിച്ചുകഴിഞ്ഞു. നല്ല വിദ്യാര്‍ഥിയായി നോട്ടെഴുതും, സംശയങ്ങള്‍ ചോദിക്കും.
ഹിന്ദിയിലും ഇംഗ്ലീഷിലുമാണു ഞങ്ങള്‍ ക്ലാസെടുക്കാറുള്ളത്. എപ്പോഴും ഇംഗ്ലീഷില്‍ വിശദീകരിക്കാനാണ് അഭിഭാഷക കൂടിയായ അപൂര്‍വ ആവശ്യപ്പെടാറുള്ളത്. ജയിലില്‍ ആദ്യ ക്ലാസിന് എത്തിയപ്പോള്‍, ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമുണ്ടോ എന്നു ചിലര്‍ ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയില്‍ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂര്‍വയുടെ മറുപടി. ശാഠ്യക്കാരിയും അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു ആദ്യ ദിവസങ്ങളില്‍ അപൂര്‍വയുടേത്. പിന്നീട് മാറ്റമുണ്ടായി. കീര്‍ത്തനാലാപനത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. ജയില്‍വാസികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം ക്ലാസുകളില്‍ സജീവമായി. അപൂര്‍വ ഉള്‍പ്പെടെ നിരവധി പേരില്‍ പോസിറ്റീവ് ആയ മാറ്റമുണ്ട് ” ഒന്നര വര്‍ഷമായി ജയിലില്‍ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിങ് പറഞ്ഞു.
രോഹിതിന്റേത് സ്വഭാവിക മരണമാണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. മൂക്കില്‍ നിന്ന് രക്തം വന്നതിനാല്‍ ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നും പോലീസ് സംശയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ രോഹിതിനെ ആരോ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെത്തി. ചോദ്യം ചെയ്യലില്‍ അപൂര്‍വ കുറ്റം സമ്മതിച്ചു. സ്ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന രോഹിത്തിന്റെ സ്വഭാവം അപൂര്‍വ ഇഷ്ടപ്പെട്ടില്ല. ഇതേച്ചൊല്ലിയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായത്. തലയിണയെടുത്ത് മദ്യലഹരിയിലായിരുന്ന രോഹിത്തിന്റെ മുഖത്തമര്‍ത്തി അപൂര്‍വ കൊലപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്.