ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ട് നല്‍കും!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ നിരാശ. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ്. സംഭവം ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ ചേരുന്ന ലോകകപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോലി, ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ കമ്മറ്റിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. പുറത്തുവരുന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഇരുവര്‍ക്കും പങ്കിട്ട് നല്‍കാനും സാധ്യതയേറെയാണ്.
രണ്ട് അഭിപ്രായത്തോടെ മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല. അതുകൊണ്ട് തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനേയും ടെസ്റ്റില്‍ കോലിയേയും ക്യാപ്റ്റനാക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ചര്‍ച്ച ചെയ്യും. പാളിച്ച പറ്റിയ ഭാഗങ്ങള്‍ പരിശോധിക്കും.
നേരത്ത, ഐപിഎല്ലിന് മുമ്പും ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു യോഗം നടന്നിരുന്നു. അന്ന് ഐപിഎല്ലില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോലി ആവശ്യപ്പെട്ടപ്പോള്‍ രോഹിത് വ്യത്യസ്തമായ അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

pathram:
Related Post
Leave a Comment