ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത് ബൗണ്ടറികളുടെ എണ്ണം നോക്കിയല്ല; സച്ചിന്‍

മുംബൈ: ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത് ബൗണ്ടറികളുടെ എണ്ണം നോക്കിയല്ലെന്ന് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്ന് സച്ചിന്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും സച്ചിന്‍ പറഞ്ഞു.

സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ ഇരു ടീമും നേടിയ ബൗണ്ടറികളുടെ എണ്ണമായിരിക്കരുത് ഒരിക്കലും വിജയിയെ നിര്‍ണയിക്കാനുള്ള അടിസ്ഥാനം. അത് ലോകകപ്പ് ഫൈനല്‍ മാത്രമല്ല, എല്ലാ മത്സരങ്ങളിലും അങ്ങനെതന്നെയാണ്. ഫുട്‌ബോളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങള്‍ എക്‌സ്ട്രാ ടൈമിലേക്ക് പോകുമ്പോള്‍ അവിടെ മറ്റ് കാര്യങ്ങള്‍ ഒന്നും പരിഗണിക്കാറില്ലല്ലോ എന്നും സച്ചിന്‍ ചോദിച്ചു.

ലോകകപ്പ് സെമി ഫൈനല്‍ നിലവിലെ രീതി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകള്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്ന രീതിയായിരിക്കും നല്ലതെന്ന് സച്ചിന്‍ പറഞ്ഞു. ഒന്നും രണ്ടും സ്ഥാനത്തെത്തിയവരുടെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ചേ മതിയാകൂ. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താനായിരുന്നെങ്കില്‍ ധോണിയെ അഞ്ചാമതായില ബാറ്റിംഗിനിറക്കുമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

ധോണിക്കുശേഷം ഹര്‍ദ്ദിക് ആറാം നമ്പറിലും കാര്‍ത്തിക് ഏഴാമനായും വരുന്നതായിരുന്നു ഉചിതമെന്നും സച്ചിന്‍ വ്യക്തമാക്കി. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും സ്‌കോര്‍ നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയ്ക്ക് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment