242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ലോഡ്‌സ്: 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. 20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയി. റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തില്‍ ഏഴു റണ്‍സേ റൂട്ടിന് നേടാനായുള്ളു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയോടൊപ്പം 31 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ കിവീസ് ബൗളര്‍മാര്‍ തുടര്‍ച്ചയായ മൂന്ന് മെയ്ഡന്‍ ഓവറുകളെറിഞ്ഞു.

നിലയുറപ്പിക്കുകയായിരുന്ന ജോണി ബെയര്‍സ്‌റ്റോയെ ഫെര്‍ഗൂസണ്‍ തിരിച്ചയച്ചു. 55 പന്തില്‍ 36 റണ്‍സെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍ ബൗള്‍ഡ് ആയി.

നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ലോഡ്‌സിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് അവസാന ഓവറുകളില്‍ പോലും ബൗണ്ടറി നേടാനായില്ല.

10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിര്‍ണായകം. ക്രിസ് വോക്‌സ് ഒമ്പത് ഓവറില്‍ 37 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യം പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 29 റണ്‍സിന്റെ കൂട്ടകെട്ടാണ് ഗുപ്റ്റിലുണ്ടാക്കിയത്.

പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ന്റെ ഊഴമായിരുന്നു. 53 പന്തില്‍ 30 റണ്‍സ് അടിച്ച വില്ല്യംസണ്‍ പ്ലങ്കറ്റിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. രണ്ടാം വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസണ്‍ മടങ്ങിയത്.

അര്‍ധ സെഞ്ചുറിയുമായി മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന നിക്കോള്‍സ് ആയിരുന്നു പ്ലങ്കറ്റിന്റെ രണ്ടാം ഇര. 77 പന്തില്‍ 55 റണ്‍സെടുത്ത നിക്കോള്‍സ് ബൗള്‍ഡ് ആയി. പിന്നീട് റോസ് ടെയ്‌ലറിലായിരുന്നു കിവീസിന്റെ പ്രതീക്ഷ. എന്നാല്‍ ടെയ്‌ലറെ പുറത്താക്കി മാര്‍ക്ക്വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തില്‍ 15 റണ്‍സെടുത്ത ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തില്‍ 19 റണ്‍സെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തില്‍ ഫോര്‍ നേടിയ നീഷാം അടുത്ത പന്തില്‍ ഔട്ടാകുകയായിരുന്നു.

ആറാം വിക്കറ്റില്‍ ഗ്രാന്‍ഡ്‌ഹോമും ടോം ലാഥവും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കി വോക്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 56 പന്തില്‍ 47 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും ചെറുത്തുനില്‍പ്പ് അവസാനിച്ചു. അതും ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത് മാറ്റ് ഹെന്റി ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡ് ആയി. സാന്റ്‌നറും ബോള്‍ട്ടും പുറത്താകാതെ നിന്നു.

pathram:
Related Post
Leave a Comment