പ്രതി മുന്‍പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു; പെണ്‍കുട്ടികളില്‍നിന്ന് സ്വര്‍ണം വാങ്ങി പണമുണ്ടാക്കല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോളെജ് വിദ്യാര്‍ഥി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിനു പിന്നാലെ പ്രതികള്‍ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍. വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി നസീം മുമ്പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. എംഎ ഇംഗ്ലിഷ് വിദ്യാര്‍ഥി അമ്പാടി ശ്യാംപ്രകാശിനെ നസീമിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മര്‍ദിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അമ്പാടിയുടെയും സുഹൃത്ത് അമലിന്റെയും പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം വെട്ടിച്ചെന്ന ആക്ഷേപം താന്‍ ഉന്നയിച്ചതാണു പ്രകോപനമെന്ന് അമ്പാടി പറഞ്ഞു.

നസീം കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തനിക്കുമേല്‍ ഭീഷണിയും സമ്മര്‍ദവുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് പടി പിരിക്കാറുണ്ട്. കോളജില്‍നിന്ന് ടൂര്‍ പോകണമെങ്കില്‍ യൂണിറ്റിനു പിരിവ് നല്‍കണം. പെണ്‍കുട്ടികളുടെ കയ്യില്‍ നിന്ന് സ്വര്‍ണം വാങ്ങി പണയം വച്ച് പണമുണ്ടാക്കുന്ന നേതാക്കളുമുണ്ട്. വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടുമ്പോള്‍ മുതല്‍ തുടങ്ങുന്ന പിരിവാണിതെന്നും അമ്പാടി പറഞ്ഞു.

അതിനിടെ യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് മാസങ്ങള്‍ക്കുമുന്‍പ് എസ്എഫ്‌ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖില പറഞ്ഞു. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂണിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്നും നിഖില പറഞ്ഞു.

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് കോളജില്‍ യൂണിയന്‍ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അതിനിടെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും തടയുകയായിരുന്നുവെന്നും നിഖില പറയുന്നു. അതേസമയം കോളജിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ കടത്തിവിടുന്നതുകണ്ടപ്പോള്‍ താന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അസഭ്യമായ ഭാഷയില്‍ ഭാരവാഹികളില്‍ ചിലര്‍ പ്രതികരിച്ചു. വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആര്‍ക്കറിയാമെന്നു വരെ പറഞ്ഞു.

അടുത്ത ദിവസം ഇക്കാര്യങ്ങള്‍ എച്ച്ഒഡിയെ അറിയിച്ചു. പ്രിന്‍സിപ്പലിന്റെ അടുത്തും വിശദീകരിച്ചു. എല്ലാം കേട്ട ശേഷം പ്രിന്‍സിപ്പല്‍ നോക്കാം എന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും നിഖില പറയുന്നു. കോളജുകളില്‍ ഇത്തരത്തില്‍ യൂണിയനുകളും രാഷ്ട്രീയവും വേണ്ടെന്നാണ് നിഖില പറയുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടിസി വാങ്ങി വര്‍ക്കല കോളജിലേക്ക് മാറിയതെന്നും നിഖില വെളിപ്പെടുത്തി.

ഇതുകൂടാതെ യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‌സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക.

പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ഇരുവരും പിഎസ്‌സി റാങ്ക് പട്ടികയില്‍ വന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം. സംഭവത്തില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പി.എസ്.സിയുടെ വിശ്വാസ്യത് ചോദ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ ഈ സംഭവം വ്യാപകമായി പ്രചരിക്കുകയാണ്. പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ….

pathram:
Leave a Comment