ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ മാറ്റം വരുത്താന്‍ ക്യാപ്റ്റന്‍ കോഹ്ലി തയാറായേക്കും. അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനാണ് താത്പര്യമെന്ന് നായകന്‍ കോലി വ്യക്തമാക്കിയിരുന്നു.
ബൂമ്രയ്ക്കൊപ്പം ബൗളിംഗ് തുടങ്ങാന്‍ ആദ്യ ഊഴം ലഭിച്ച ഭുവനേശ്വര്‍ കുമാര്‍ അഞ്ച് കളിയില്‍ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ഭുവനേശ്വറിന് പരിക്കേറ്റപ്പോള്‍ കിട്ടിയ അവസരം മുഹമ്മദ് ഷമി മുതലാക്കി. ഭുവനേശ്വറിനേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചിട്ടും ഇരട്ടിവിക്കറ്റ് വീഴ്ത്തി
ഷമി. 15 പന്തിനിടയില്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തുമ്പോള്‍ ഭുവനേശ്വറിന് വേണ്ടിവരുന്നത് ശരാശരി 35.7 പന്തുകള്‍. ബൗളിംഗ് ശരാശരിയിലും ഷമി ഏറെ മുന്നില്‍.
എന്നാല്‍ അവസാന ഓവറുകളില്‍ നിയന്ത്രണം നഷ്ടമാകുന്നതാണ് ഷമിയുടെ പ്രശ്‌നം. 53 പന്തില്‍ ഷമി വിട്ടുകൊടുത്തത് 85 റണ്‍സ്. ഭുവനേശ്വര്‍ ആണ് തമ്മില്‍ ഭേദം. 66 പന്തില്‍ 78 റണ്‍സാണ് ഡെത്ത് ഓവറുകളില്‍ വഴങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ സ്ഥിരമായി 10 ഓവര്‍ എറിയുന്നതിനാല്‍ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ മതിയെന്ന് തീരുമാനിക്കാന്‍ സാധ്യതയേറെ.
റിസ്റ്റ് സ്പിന്നര്‍മാരെ ഒന്നിച്ചിറക്കിയ മത്സരങ്ങളില്‍ 10 വിക്കറ്റുമായി ചഹല്‍ ആണ് മുന്നിട്ടുനിന്നത്. എന്നാല്‍ തല്ല് വാങ്ങി. അഞ്ച് വിക്കറ്റേ വീഴ്ത്തിയുള്ളെങ്കിലും കുല്‍ദീപ് അധികം റണ്‍സ് വഴങ്ങിയില്ല. ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യ കളിച്ചത് പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും എതിരെയാണ്. ഈ മത്സരങ്ങളില്‍ തിളങ്ങിയതും കുല്‍ദീപ് യാദവ്.
Leave a Comment