വിജയം നേടാന്‍ ടോസ് നിര്‍ണായകം ; ടോസ് ഇന്ത്യക്ക് ലഭിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ആരാധകര്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ വിജയം നേടാന്‍ ടോസ് നിര്‍ണായകമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ലോകകപ്പ് സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ടോസ് ഇന്ത്യക്ക് ലഭിക്കണേ എന്ന പ്രാര്‍ത്ഥനയിലാവും ആരാധകര്‍. ടോസ് നേടുക, ആദ്യം ബാറ്റ് ചെയ്യുക, 300ന് അടുത്ത് സ്‌കോര്‍ ചെയ്യുക, ജയിക്കുക, ഇതാണ് ഇത്തവണ ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളി നാം കണ്ടത്.

ആദ്യം ബാറ്റ് ചെയ്തവര്‍ കൂടുതലായി വിജയിച്ച ലോകകപ്പാണ് ഇത്തവണത്തേത്. തുടര്‍ച്ചയായി നടന്ന ഈ ട്രെന്‍ഡിനു വിരാമമായതാവട്ടെ, ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന മത്സരത്തോടെയും. ഈ മത്സരത്തില്‍ രണ്ടാമതു ബാറ്റ് ചെയ്ത ഇന്ത്യയാണ് ജയിച്ചു കയറിയത്.

ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇതേ ട്വിസ്റ്റ് അരങ്ങേറിയത്. ജൂണ്‍ 20 മുതല്‍ 25 വരെയുള്ള മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് തുടര്‍ച്ചയായി വിജയിച്ചത്. ഇത്തരത്തില്‍ ഏഴു വിജയങ്ങള്‍ ഈ ലോകകപ്പില്‍ കണ്ടു. അതായത്, ടൂര്‍ണമെന്റിലെ 20 മത്സരങ്ങളില്‍ 16 എണ്ണം ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചു. ഇതിന് അപവാദമായത് ന്യൂസിലന്‍ഡിനെതിരേ പാക്കിസ്ഥാന്റെ ആറു വിക്കറ്റ് വിജയം, ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്‍പത് വിക്കറ്റ് വിജയം, അഫ്ഗാനിസ്ഥാനെതിരേ പാക്കിസ്ഥാന്റെ മൂന്നു വിക്കറ്റ് വിജയം, ലങ്കയ്ക്കെതിരേയുള്ള ഇന്ത്യയുടെ ഏഴു വിക്കറ്റ് വിജയം എന്നിവ മാത്രമാണ്.

ടൂര്‍ണമെന്റിലെ ആദ്യ സെഷനുകളില്‍ കാലാവസ്ഥ വലിയൊരു ഘടകമായിരുന്നു. പിച്ചിലെ ഈര്‍പ്പവും നനഞ്ഞ ഔട്ട്ഫീല്‍ഡുമെല്ലാം മത്സരത്തെ നിയന്ത്രിച്ചു. 45 മത്സരങ്ങളില്‍ നാലെണ്ണമാണ് മഴ തട്ടിയെടുത്തത്. മഴ സമയത്തു നടന്ന മത്സരങ്ങളിലെ ആദ്യ 21 എണ്ണത്തില്‍ 11 എണ്ണവും ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചപ്പോള്‍ പത്തെണ്ണം സ്‌കോര്‍ പിന്തുടര്‍ന്നവര്‍ ജയിച്ചു കയറി. എന്നാല്‍ പിന്നീട് കാലാവസ്ഥ അനുകൂലമായി കളിച്ചപ്പോഴാവട്ടെ 20-ല്‍ നാലെണ്ണത്തില്‍ മാത്രമാണ് രണ്ടാമതു ബാറ്റ് ചെയ്തവര്‍ക്കു വിജയിക്കാനായത്.

ഇതിനു മുന്‍പ് ലോകകപ്പ് ചരിത്രത്തില്‍ സമാനമായ ഒരു സ്ഥിതി ഉണ്ടായത് 1983-ലാണ്. അന്ന് ആദ്യത്തെ ഏഴു മത്സരങ്ങള്‍ തുടര്‍ച്ചയായി ആദ്യം ബാറ്റ് ചെയ്തവര്‍ വിജയഭേരി മുഴക്കി. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഫല്‍റ്റായാതും റണ്‍മഴ ഒഴുകുന്നതുമായ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ലോകകപ്പിനു മുന്നോടിയായി കഴിഞ്ഞ നാലുവര്‍ഷമായി ഇതു തന്നെയാണ് സ്ഥിതി. അതു കൊണ്ടു തന്നെ 100 ഓവറില്‍ അറുനൂറു റണ്‍സ് സ്‌കോര്‍ ചെയ്യപ്പെടുകയെന്നത് വലിയൊരു കാര്യമല്ലാതായി. വലിയ സ്‌കോറുകള്‍ പോലും ചെയ്സ് ചെയ്തു ജയിക്കാന്‍ കഴിയുന്ന പിച്ചുകളാണ് ഇവിടെ ഇപ്പോഴുമുള്ളത്. ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചുകള്‍ ഇവിടെ അപ്രത്യക്ഷമായി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ലോകകപ്പ് ആയപ്പോള്‍ സ്ഥിതിയില്‍ അല്‍പ്പം വ്യത്യാസം കണ്ടു. ബാറ്റിലേക്ക് പന്തു വരുന്നത് വല്ലപ്പോഴുമായി. ബാറ്റിങ് പലപ്പോഴും ദുഷ്‌ക്കരമാവുന്നതും കണ്ടു. ഈ സ്ഥിതിയില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ മൂക്കുംകൂത്തി തോല്‍ക്കുന്നതും കണ്ടു.

കഴിഞ്ഞ രണ്ടു ലോകകപ്പിന്റെ ഇടവേളകളില്‍ ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ 32 തവണ സ്‌കോര്‍ പിന്തുടര്‍ന്നവര്‍ ജയിച്ചപ്പോള്‍ 20 പേര്‍ക്കു കാലിടറി. ഇനി ഇംഗ്ലണ്ടിന്റെ കാര്യം കൂടി പരിശോധിച്ചാല്‍, അവരുടെ ഗ്രൗണ്ടില്‍ രണ്ടാമതു ബാറ്റ് ചെയ്തു വിജയിച്ചത് 20 തവണയാണ്. പരാജയപ്പെട്ടത് വെറും മൂന്നു തവണയും. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 14 വിജയവും ആറു തോല്‍വിയും എന്ന റെക്കോഡിനേക്കാള്‍ അവര്‍ക്ക് രണ്ടാമത് ബാറ്റ് ചെയ്യാനാണ് പ്രിയം എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനി 2015 ഏപ്രില്‍ മുതല്‍ മെയ് 2019 വരെയുള്ള കണക്കുകളില്‍ 58 മത്സരങ്ങളില്‍ 32 എണ്ണം രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ചു. തോറ്റത് ഇരുപതെണ്ണം. ഇവരുടെ റണ്‍റേറ്റ് 6.08 ആയിരുന്നുവെങ്കില്‍ ലോകകപ്പില്‍ ഇത്തവണ നടന്ന 42 മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ 14 തവണ മാത്രമാണ് ജയിച്ചത്. 27 മത്സരങ്ങള്‍ തോറ്റു, ശരാശരിയാവട്ടെ 5.47 മാത്രവും. ആദ്യം ബാറ്റ് ചെയ്തവര്‍ 27 തവണയാണ് ഇത്തവണ ജയിച്ചതെങ്കില്‍ സമാന ട്രെന്‍ഡ് കണ്ടത് 1987-ലാണ്. അന്ന് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 19 തവണ ജയം കൂടെ നിന്നപ്പോള്‍ തോല്‍വി എട്ടെണ്ണത്തില്‍ മാത്രമായിരുന്നു.

2007 ലോകകപ്പില്‍ 25-25, 2011-ല്‍ 24-23, 2015-ല്‍ 24-24, 2019-ല്‍ 27-14 എന്നിങ്ങനെയാണ് ആദ്യം ബാറ്റ് ചെയ്തവരുടെ വിജയകണക്ക്. ഇനി ശേഷിക്കുന്നത് മൂന്നു മത്സരങ്ങള്‍ കൂടിയാണ്. ഓള്‍ഡ് ട്രാഫോര്‍ഡ്, എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്സ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇതുവരെ അഞ്ചു മത്സരങ്ങള്‍ നടന്നു. ഇവിടെ ആദ്യം ബാറ്റ് ചെയ്തവരാണ് ജയിച്ചു കയറിയത്. ലോര്‍ഡ്സിലും അങ്ങനെ തന്നെ. അവിടെ നടന്ന നാലു മത്സരങ്ങളില്‍ ചെയ്സ് ചെയ്തവര്‍ക്ക് ജയിക്കാനായില്ല. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ 2-2 എന്നതാണ് സ്ഥിതി.

എന്നാല്‍ സെമിക്കും ഫൈനലിനും വേണ്ടി പുതിയ പിച്ചുകളാണ് നിര്‍മ്മിക്കുക. അതു കൊണ്ട് തന്നെ കണക്കുകള്‍ അപ്രസക്തമായേക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പ്, ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിയുന്നത് ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ്. ചുരുക്കം ചില മത്സരങ്ങളൊഴികെ ഭൂരിപക്ഷവും അതു തന്നെ തെളിയിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ന്യൂസിലന്‍ഡ്-ഇന്ത്യ സെമിയിലും ടോസ് അതുകൊണ്ടു തന്നെ നിര്‍ണായകമാകും.

pathram:
Leave a Comment